ഖത്തറിനെതിരായ ഉപരോധം; ജിസിസി ഉച്ചകോടി അടുത്തമാസം റിയാദിൽ

ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ജി.സി.സി ഉച്ചകോടി അടുത്തമാസം അഞ്ചിന് റിയാദിൽ ചേരും. ബഹ്റൈൻ വേദിയാകേണ്ടിയിരുന്ന ഉച്ചകോടിയാണ് റിയാദിലേക്ക് മാറ്റിയതെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭിന്നത അവസാനിപ്പിച്ച് അംഗരാഷ്ട്രങ്ങളുടെ ഭരണത്തലവൻമാർ എല്ലാവരും നേരിട്ടുപങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

സൗദിഅറേബ്യ, യുഎഇ, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തും 2017 ജൂൺ അഞ്ചിന് ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജിസിസി ഉച്ചകോടി ചേരുന്നത്. ഈ മാസം അവസാനത്തോടെ മനാമ വേദിയാകേണ്ടിയിരുന്ന ഉച്ചകോടിയാണ് ജിസിസിയുടെ നേതൃനിരയിലുള്ള സൌദിയിലേക്ക് മാറ്റിയത്. സൌദി ഭരണാധികാരി സൽമാൻ രാജാവായിരിക്കും അംഗരാജ്യങ്ങളുടെ ഭരണാധിപൻമാരെ റിയാദിലെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നത്. ഉപരോധത്തിന് ശേഷം ഇതാദ്യമായി ഖത്തർ അമീർ ഉൾപ്പെടെയുള്ളവരെ നേരിട്ട് വേദിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത്. കുവൈത്തിൻറേയും അമേരിക്കയുടേയും മധ്യസ്ഥനീക്കങ്ങളിൽ പുരോഗതിയുണ്ടെന്ന് സൌദി, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ പോയവാരം വ്യക്തമാക്കിയിരുന്നു. മേഖലയുടെ സുരക്ഷയ്ക്കായി സഹകരണം ആവശ്യമാണെന്നും ജിസിസി ഉച്ചകോടിയുടെ വിജയത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു യുഎഇ വിദേശകാര്യസഹമന്ത്രി അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് പ്രതികരിച്ചത്.അതിനാൽ തന്നെ ജിസിസി യോഗത്തിൽ ഖത്തർ ഉപരോധം പിൻവലിക്കുന്ന കാര്യത്തിൽ അന്തിമകരാറിലെത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ആധുനികഗൾഫ് രൂപമെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിക്കായിരിക്കും ജിസിസി യോഗത്തിലൂടെ അവസാനമാകുന്നത്.