യുഎഇയിലെ ആദ്യ വനിതാ സ്കൂൾ ബസ് ഡ്രൈവർ മലയാളിയാണ്; സുജയെ അറിയാം

യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളായ സുജാ തങ്കച്ചൻ എന്ന മലയാളി യുവതി ഇനി രാജ്യത്തെ ആദ്യത്തെ വനിതാ സ്കൂൾ ബസ് ഡ്രൈവർ. ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്കൂൾ ബസ് കണ്ടക്ടറായിരുന്ന  കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി  സുജാ തങ്കച്ചൻ ഒരു വർഷം മുൻപാണ് വലിയ വാഹനങ്ങള്‍ ഒാടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയത്. അന്നത് വാർത്തയായതിനെ തുടർന്ന് യുഎഇയിലെ ഒട്ടേറെ സ്വകാര്യ സ്കൂളുകളിൽ നിന്നും ജോലി വാഗ്ദാനങ്ങൾ ലഭിച്ചുവെങ്കിലും ദ് മില്ലെനിയം സ്കൂളിൽ തന്നെ തുടനായിരുന്നു തീരുമാനം.

പിന്നീട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആര്‍ടിഎ)യിൽ നിന്നും സ്കൂൾ ബസ് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയ സുജ കഴിഞ്ഞമാസം ജോലിയിൽ  പ്രവേശിച്ചു. പക്ഷേ, ലോക് ഡൗൺ ആയപ്പോൾ വിദ്യാലയങ്ങൾ അടച്ചതോടെ വളയം പിടിക്കാനുള്ള കാത്തിരിപ്പ് പിന്നെയും തുടർന്നു. താത്പര്യമുള്ളവർക്ക് സ്കൂളുകളിൽ വന്ന് പഠിക്കാമെന്ന അധികൃതരുടെ അറിയിപ്പ് വന്നപ്പോൾ സ്കൂളില്‍ കുട്ടികളെത്തുകയും സുജ സ്വപ്നയാത്ര ആരംഭിക്കുകയും ചെയ്തു. ‍

ഞാനാണ് യുഎഇയിലെ ആദ്യത്തെ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്നാണ് അറിയാൻ കഴിഞ്ഞത്. ഏറെ സൂക്ഷ്മയതോടെ ചെയ്യേണ്ട ജോലിയാണ് കുട്ടികളുമായുള്ള യാത്ര. അതുപക്ഷേ, ഞാൻ ഏറെ ആസ്വദിക്കുന്നു. അവരുടെ കളിചിരികൾ കേട്ടുള്ള ഇൗ ജോലി ഏറെ കാലം തുടരാനാകട്ടെ എന്നാണ് പ്രാർഥന–സുജ പറഞ്ഞു.

പൂർത്തീകരിച്ചത് ഏറെ നാളത്തെ ആഗ്രഹം

കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് സുജയ്ക്ക് ഹെവി ഡ്രൈവിങ് സൈലൻസ് കിട്ടിയത്. ഏറെ നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമായത്.  ബസിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴൊക്കെ തന്റെ കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങുമായിരുന്നുവെന്ന് സുജ പറയുന്നു. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 33കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമത്തിലൂടെ അതു സ്വന്തമാക്കുകയും ചെയ്തു. 

അമ്മാവൻ ഡ്രൈവ് ചെയ്ത വഴിയിലൂടെ...

സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം നാലു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. 

ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു. പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. മാസങ്ങൾക്ക് മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു.

ആറ് തവണ പൊട്ടി; ഏഴിൽ താരമായി.

പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിച്ച യുഎഇയിലെ അപൂർവം വനിതകളിലൊരാളാണ് താനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.