ലുലു ഗ്രൂപ്പില്‍ വീണ്ടും നിക്ഷേപത്തിന് അബുദാബി സർക്കാർ; 7,500 കോടി

ലുലു ഗ്രൂപ്പിന്‍റെ ഈജിപ്ത് കമ്പനിയിൽ വീണ്ടും അബുദാബി സർക്കാർ വൻനിക്ഷേപം നടത്തുന്നു. ഈജിപ്തിലെ പ്രവർത്തനം വിപുലമാക്കുന്നതിനായി 7,500 കോടിരൂപയാണ് നിക്ഷേപിക്കുന്നത്. അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് താനൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ ചെയർമാനായ അബുദാബി കമ്പനി രണ്ടാം തവണയാണ് ലുലു ഗ്രൂപ്പിൽ നിക്ഷേപിക്കുന്നത്.

ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 30 ഹൈപ്പർമാർക്കറ്റുകൾ, 100 മിനി മാർക്കറ്റുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റർ, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ് അബുദാബി ഡെവലപ്പ്മെൻറൽ ഹോൾഡിങ് കമ്പനി ലുലുവിൻറെ ഈജിപ്ത് കമ്പനിയിൽ നിക്ഷേപിക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ അബുദാബി കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുഹമ്മദ് ഹസൽ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ഒപ്പുവച്ചു.

മൂന്ന് മുതൽ അഞ്ചു വർഷത്തിനിടെ പൂർത്തിയാകുന്ന പദ്ധതികളിൽ മലയാളികളുൾപ്പെടെ 12,000 പേർക്ക് ജോലി ലഭ്യമാക്കും. ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി അബുദാബി കമ്പനി  കഴിഞ്ഞമാസം 8,200 കോടി രൂപ ലുലു ഗ്രൂപ്പിൽ നിക്ഷേപിച്ചിരുന്നു