കോവിഡ് കാലത്ത് ദുബായിൽ പാർട്ടി; പരിഹാസം; 3 പേർ അറസ്റ്റിൽ; ഇനി പിഴയും

കോവിഡ് 19 സുരക്ഷാ നിയമലംഘനത്തിന് ദുബായിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ടൂറിസം കമ്പനിയിലെ ജനറൽ മാനേജർ, ഇതേ കമ്പനിയിലെ മാർക്കറ്റിങ് ഡയറക്ടർ, ഡിജെ (ഡിസ്ക് ജോക്കി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഡിജെ കോവിഡ് സുരക്ഷാ മുൻകരുതലുകളെ പരിഹസിച്ചതിനാണ് അറസ്റ്റിലായത്. 

100 പേർ പങ്കെടുത്ത അടച്ചമുറിയിലെ പാർട്ടിയിലായിരുന്നു ഡിജെ കോവിഡ് സുരക്ഷാ മുൻകരുതലുകൾക്കെതിരെ പരിഹാസമുതിർത്തത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കണ്ടാണ് ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സിഐഡി) അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.

അനുവാദമില്ലാതെ പാർട്ടി

മതിയായ അനുവാദം അധികൃതരിൽ നിന്ന് വാങ്ങിക്കാതെയായിരുന്നു സ്ഥാപനം പാർട്ടി നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതെ നടത്തിയ പാർട്ടി കോവിഡ് സുരക്ഷാ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. കൂടാതെ മറ്റു മാർഗനിർദേശങ്ങളും പാലിച്ചിരുന്നില്ല. ഇത് ആളുകളുടെ ജീവന് ഭീഷണിയാണെന്ന് വിലയിരുത്തി.

ക്ഷണിച്ചവർക്ക് 10,000 ദിർഹം പിഴ

പാര്‍ട്ടി, യോഗം, സ്വകാര്യ–പൊതു ആഘോഷം പൊതുസ്ഥലത്തോ ഫാമുകളിലെ നടത്തുന്ന പാർട്ടി എന്നിവയിലേയ്ക്ക് ആളുകളെ ക്ഷണിക്കുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് സിഐഡി അറിയിച്ചു. കോവിഡ് സുരക്ഷാ നിയമലംഘകരോട് ദുബായ് പൊലീസ് ഒരിക്കലും സഹിഷ്ണുത കാട്ടുകയില്ല.

കാരണം, ഇൗ നിയമങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ടൂറിസം കമ്പനികളോടും ബിസിനസുകാരോടും മറ്റും കോവിഡ് വ്യാപനം തടയുന്നതിനെതിരെയുള്ള യത്നങ്ങളെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തു.