പൊലീസിനെ കണ്ടാൽ അലിയസേയ ഇനി കരയില്ല; അച്ഛൻ മകളുടെ പേടി മാറ്റിയത് ഇങ്ങനെ

പൊലീസിനെ കണ്ടാൽ കുഞ്ഞ് അലിയസേയ ഇനി കരയില്ല.  'പൊലീസ്പേടി' മാറ്റാന്‍‌ അച്ഛൻ‌ മുൻകൈ എടുത്തതോടെ ഒരു ചെറുസംഘം പൊലീസ് തന്നെ വീട്ടിലേക്ക് നേരിട്ട് രംഗത്തെത്തി. വെറുംകയ്യോടെയല്ല, കൈ നിറയെ സമ്മാനങ്ങളുമായാണ് പൊലീസ് വീട്ടിലെത്തിയത്.

യൂണിഫോമിട്ട പൊലീസിനെ കണ്ടാൽ പെണ്‍കുട്ടി പേടിച്ചുവിറച്ച് കരയുമായിരുന്നു. ഇതിന് ഒരവസാനം ഉണ്ടാകണമെന്നു തീരുമാനിപ്പിച്ചുറപ്പിച്ചാണ് കുട്ടിയുടെ പിതാവ് പൊലീസിനെ നേരിട്ട് കാര്യങ്ങൾ ധരിപ്പിച്ചത്. അങ്ങനെ വനിതാ പൊലീസ് ഉൾപ്പെടുന്ന സംഘം ഇവരുടെ വീട്ടിലെത്തി. ആദ്യം പതിവുപൊലെ അലിയസേയ പേടിച്ചുകരയാൻ തുടങ്ങിയെങ്കിലും കളിപ്പാട്ടങ്ങളടക്കമുള്ള സമ്മനാങ്ങൾ നൽകിയപ്പോൾ കരച്ചിലടങ്ങി. പിന്നീട് പൊലീസിന്റെ ആഡംബര കാറിൽ അലിയസേയയെ നഗരം ചുറ്റി കാണിക്കുകയും ചെയ്തു. 

ഏതായാലും പൊലീസിന്റെ ഭവന സന്ദർശനവും സമ്മാനങ്ങളും മകളുടെ പേടി മാറ്റിയതായി അലിയസേയയുടെ പിതാവ് ഹസൻ അൽ ഖലസൻസാസ് പറയുന്നു. 

മകളുടെ പൊലീസ്പേടി മാറ്റാൻ പിതാവ് തങ്ങളെ സമീപിച്ചതിനെ തുടർന്ന് അവരുടെ വീട്ടിൽ ചെന്ന് പൊലീസ് സന്തോഷിപ്പിക്കുകയായിരുന്നുവെന്ന് ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ ഡോ.മുബാറക് ബിൻ നവാസ് അൽ കെത് ബി പറഞ്ഞു. സമൂഹത്തിന്റെ സന്തോഷം എന്ന ദുബായ് പൊലീസിന്റെ കാഴ്ചപ്പാടനുസരിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് കുട്ടികളുടെ കാര്യങ്ങൾക്ക് പൊലീസിനെ സമീപിക്കുന്നത് ഏറെ ആഹ്ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു.