ഖത്തറിലേക്ക് താമസവീസയുള്ളവർക്ക് മടങ്ങിവരാൻ നിയന്ത്രണങ്ങളോടെ അനുമതി

ഖത്തറിലേക്ക് താമസവീസയുള്ളവർക്ക് മടങ്ങിവരാൻ അടുത്തമാസം ഒന്നുമുതൽ നിയന്ത്രണങ്ങളോടെ അനുമതി. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനാനുമതി. അതേസമയം, യാത്രയ്ക്ക് അനുമതിയുള്ള 40 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പ്രവാസിഇന്ത്യക്കാർക്ക് മടങ്ങിവരാൻ ഇനിയും കാത്തിരിക്കണം.

ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ മലയാളികളടക്കം പ്രവാസിഇന്ത്യക്കാർ ഖത്തറിലേക്ക് മടങ്ങിവരാൻ ഇനിയും കാത്തിരിക്കണം. ഖത്തർ ഐഡിയുള്ല താമസവീസക്കാർക്ക് രാജ്യത്തേക്ക് മടങ്ങിവരണമെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിൻറെ റീ എൻട്രി പെർമിറ്റ് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ  (https://portal.moi.gov.qa) വെബ്‌സൈറ്റ് വഴി വേണം റീ എൻട്രി പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. കോവിഡ് വ്യാപനം കുറഞ്ഞ 40 രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തറിലെത്തിയാൽ ഒരാഴ്ച ഹോം ക്വാറൻറീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് പ്രവേശനാനുമതി. 40 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇന്ത്യയിൽ നിന്ന് വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാച്ചചിനാലും ഖത്തറിൽ താമസവീസയുള്ള പ്രവാസിഇന്ത്യക്കാർക്ക് ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ മടങ്ങിവരാനാകില്ല. ഓരോ രണ്ടാഴ്ച കൂടുംതോറും രാജ്യങ്ങളിലെ സ്ഥിതി പരിശോധിച്ച് പട്ടിക പുതുക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒരുലക്ഷത്തിഏഴായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഖത്തറിൽ 96 ശതമാനം രോഗമുക്തി നിരക്കോടെ 3067 പേർ മാത്രമാണ് ഇനി ചികിൽസയിലുള്ളത്. ഈ സാഹചര്യത്തിലാണ് അതിർത്തികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചത്.