എയർപോർട്ടിൽ മരിച്ചുവീണ് അച്ഛൻ; മകന് വാങ്ങിയ സമ്മാനമെത്തിച്ച് കെഎംസിസി

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി മകനു വേണ്ടി കരുതിയ സമ്മാനപ്പൊതികൾ യുഎഇ കെഎംസി‌സി പ്രവർത്തകർ വീട്ടിലെത്തിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉന്നത മാർക്കു നേടിയ മകനുള്ള സമ്മാനവുമായാണു കുറ്റ്യാടി കായക്കൊടി സ്വദേശി മഞ്ചക്കൽ പവിത്രൻ യാത്രയ്ക്കെത്തിയത്.

വിധി അതിനനുവദിക്കാതെ പവിത്രൻ അന്ത്യയാത്രയായി. മകന് വാങ്ങിച്ച സമ്മാനം അടങ്ങുന്ന ലഗേജ് യുഎഇ കെഎംസിസിയുടെ മറ്റൊരു ചാർട്ടേഡ് വിമാനത്തിൽ ഹരീഷ് എന്ന യാത്രക്കാരൻ വഴി ഇന്നലെ നാട്ടിലെത്തിക്കുകയായിരുന്നു.

അജ്മാനില്‍ ജ്വല്ലറി തൊഴിലാളിയായിരുന്നു പവിത്രൻ. കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടിയതിനാൽ തൊഴിൽ നഷ്ടമായി പ്രവാസികൂട്ടായ്മ വഴി നാട്ടിലേക്കു പോകാൻ ഒരുങ്ങുകയായിരുന്നു. മകൻ ധനൂപിന്റെ പത്താംക്ലാസ് പരീക്ഷാഫലം വന്ന ജൂൺ 30-നുതന്നെ മടങ്ങണമെന്നായിരുന്നു പവിത്രൻ ആഗ്രഹിച്ചത്.

മകനു നൽകാൻ സമ്മാനങ്ങളും വാങ്ങി പെട്ടി നിറച്ചിരുന്നു. എമിഗ്രേഷൻ നടപടികൾക്കിടെ കുഴഞ്ഞുവീണ പവിത്രനെ ഉടൻ റാസൽഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ യുഎ‌യിൽ തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.