നിയന്ത്രണങ്ങളിലും സജീവമായി പെരുന്നാൾ കാലത്തെ വ്യാപാരമേഖല

കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിയന്ത്രണങ്ങളുണ്ടെങ്കിലും ഗൾഫ് നാടുകളിലെ വ്യാപാരമേഖല പെരുന്നാൾ കാലത്ത് സജീവമായി. സൂപ്പർമാർക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. അതേസമയം, എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് പ്രതിരോധത്തിനായുള്ള മുൻകരുതലുകൾ ഉറപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി കോവിഡ് കാരണം ഉലഞ്ഞ ഗൾഫിലെ വ്യാപാരസ്ഥാപനങ്ങൾ പെരുന്നാൾ അടുത്തതോടെ സജീവമായി.ഹാഫ് പേ ബാക്ക്, ബൈ വണ്‍ ഗെറ്റ് വണ്‍, ബൈ ടു ഗെറ്റ് വണ്‍ തുടങ്ങി വിവിധ ഓഫറുകളുമായാണ് വിപണി പെരുന്നാളിനൊരുങ്ങിയത്. ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം പരിമിതമാണ്. പഴം, പച്ചക്കറി മുതല്‍ മൽസ്യമാംസങ്ങൾക്ക് വില പരിധി നിശ്ചയിച്ചിട്ടുണ്ട്. 

പെരുന്നാൾ പ്രമാണിച്ച് മൃഗങ്ങളെ കശാപ്പുചെയ്യാൻ ഔദ്യോഗിക അറവുശാലകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ഷോപ്പിങ് മാളുകളിൽ നിയന്ത്രണങ്ങളോടെയാണ് വ്യപാരം. പരിമിതമായി മാത്രമാണ് ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത്. ഷോപ്പിങ് മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് മുൻപ് തെർമൽ പരിശോധന നടത്തുന്നുണ്ട്. സാനിറ്റൈസറുകളും ഗ്ളൌസുകളും ഉറപ്പാക്കിയിട്ടുണ്ട്.