കോവിഡ് 19; ഇന്ത്യയിൽ നിന്നുള്ള ആദ്യ മെഡിക്കൽ സംഘം യുഎഇയിലെത്തി

കോവിഡ് പ്രതിരോധത്തിനു സഹകരണവുമായി ഇന്ത്യയിൽ നിന്നുള്ള ആദ്യ മെഡിക്കൽ സംഘം യുഎഇയിലെത്തി. കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ആസ്റ്റർ ഗ്രൂപ്പിൻറെ ആശുപത്രികളിൽ നിന്നുള്ള എൺപത്തെട്ട് ഐ.സി.യു നഴ്സുമാരുടെ സംഘമാണ് ദുബായിലെത്തിയത്. ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തിൻറ അടിസ്ഥാനത്തിലാണ് മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചത്. 

യുഎഇയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ഇന്ത്യയിൽ നിന്ന് ആരോഗ്യപ്രവർത്തകരെത്തിയത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ഫീൽഡ് ആശുപത്രികളിലും ആസ്റ്റർ ഗ്രൂപ്പിൻറെ കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലും ഇവർ ഭാഗമാകും. ആസ്റ്റർ  ഡിഎം ഹെൽത്ത്‌കെയറിൻ്റെ  കേരളം, കോലാപൂർ, കർണാടക എന്നീ  ശാഖകളിലെ നഴ്സുമാരാണ് ബെംഗ്ലുരുവിൽ നിന്ന് ദുബായിൽ പറന്നിറങ്ങിയത്. കൂടാതെ, ഇന്ത്യയിൽ അവധിക്കെത്തി ലോക്ഡൌൺ കാരണം മടങ്ങാനാകാതിരുന്നവരും സംഘത്തിലുണ്ട്

യുഎഇ ആരോഗ്യമന്ത്രാലയത്തിൻറെ പ്രവർത്തനങ്ങളോട് സഹകരിച്ചായിരിക്കും ഇവർ പ്രവർത്തിക്കുന്നത്.  അത്യാഹിത രോഗീ പരിചരണ വിദഗ്ധരായ ആരോഗ്യപ്രവർത്തകരാണ് സംഘത്തിലുള്ളതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.യുഎഇയിലെ പ്രവാസികളും സ്വദേശികളും അഭിമുഖീകരിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞുള്ള ഇടപെടലാണിതെന്നു ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യുട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ, സിഇഒ ഡോ.ഷെർബാസ് ബിച്ചു തുടങ്ങിയവർ സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.