കോവിഡ് 19; സൗദിയിൽ അഞ്ചു വിദേശികളടക്കം ആറു മരണം

സൌദിയിൽ കോവിഡ് 19 ബാധിച്ച് അഞ്ചു വിദേശികളടക്കം ആറു പേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ പതിനാറായി. ഇരുപത്തൊൻപതുപേരാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 

ഇരുപത്തിനാലു മണിക്കൂറിനിടെ ആറു മരണങ്ങളാണ് സൌദിയിൽ റിപ്പോർട്ട് ചെയ്തത്. മദീനയിൽ മൂന്നും മക്കയിലും റിയാദിലുമായി ഓരോ പ്രവാസികളുമാണ് മരിച്ചത്. പുതുതായി 157 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1720 ആയി. പുതുതായി 99 പേർ കൂടി സുഖം പ്രാപിച്ചതോടെ 264 പേരാണ് ആകെ രോഗമുക്തി നേടിയത്. കുവൈത്തിൽ 24 ഇന്ത്യക്കാർക്കടക്കം 28 പേർക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 59 ഇന്ത്യക്കാരടക്കം 317 പേരാണ് ആകെ രോഗബാധിതർ.

കുവൈത്തിലൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ച 569 പേരിൽ 316 പേരും സുഖം പ്രാപിച്ചു. 249 പേരാണ് ഇനി ചികിൽസയിലുള്ളത്. ഇവരിൽ മൂന്നു പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. കോവിഡ് സമൂഹവ്യാപനമുണ്ടായ ഒമാനിൽ പതിനെട്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 210 പേരാണ് ആകെ രോഗബാധിതർ.