വിലക്കിന് പിന്നാലെ സൗദി നൽകിയ ആശ്വാസം; ഇഖാമ നീട്ടി നൽകും

സൌദിയിൽ നിന്ന് അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമയോ റീ എൻട്രി കാലാവധിയോ അവസാനിച്ചാൽ നീട്ടിനൽകുമെന്നു പാസ്പോർട് വിഭാഗം. കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു യാത്രാവിലക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആശ്വാസമേകുന്ന വിശദീകരണം. അതേസമയം, ബഹ്റൈനിൽ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു മലയാളി നഴ്സുമാരുടെ ആരോഗ്യനില മെച്ചപ്പെട്ടു. 

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങി 39 രാജ്യക്കാർക്ക് സൌദി ഏർപ്പെടുത്തിയ യാത്രാ വിലക്ക്  പ്രഖ്യാപനം അവധിക്കു നാട്ടിലേക്കു പോയ പ്രവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇഖാമയ്ക്കോ റീ എൻട്രിക്കോ യാത്രാവിലക്കു പ്രഖ്യാപിക്കുന്നതിനു മുൻപ് കാലാവധിയുള്ളതായിരുന്നെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ജവാസാത്ത് അധികൃതരുടെ വിശദീകരണമെന്നു സൌദിയിലെ പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇഖാമ, റീ എൻട്രീ കാലാവധി അവസാനിച്ചാൽ, വിലക്ക് കാലയളവിനെ ഗ്രേസ് പീരിയഡ് ആയി കരുതി  നീട്ടിനൽകും. 

ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ വിലക്കു നിലവിൽ വരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിക്കുന്നത്. ഇതിനു മുൻപായി ഇഖാമയുള്ളവർക്കു ശനിയാഴ്ച അർധരാത്രിക്കു മുൻപ് സൌദിയിലേക്കു മടങ്ങിയെത്താം. സന്ദർശക വീസക്കാരെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ, വിമാനക്കമ്പനികൾ അത്തരം വീസയിലുള്ളവരെ സ്വീകരിക്കുന്നില്ല. അതേസമയം, ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം, കാസർഗോഡ് സ്വദേശികളായ നഴ്സുമാരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. രണ്ടുപേരുടേയും കുടുംബാംഗങ്ങളുടെ പരിശോധനാഫലവും ഇന്നറിയാം. ഇവരും നിരീക്ഷണത്തിലാണ്. അതേസമയം, ഖത്തറിൽ സിനിമ തീയറ്റർ, പാർക്കുകൾ, ജിംനേഷ്യം, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയവ അടച്ചു. കുവൈത്തിൽ പൊതുഗതാഗത ബസുകൾ റദ്ദാക്കി. സൌദിയിലും കുവൈത്തിലും സിബിഎസ് ഇ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.