ഗൾഫ് മേഖലയിൽ കോവിഡ് പടരുന്നു; ഒമാൻ പൊതുപരിപാടികള്‍ റദ്ദാക്കി

ഗൾഫ് മേഖലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇരുന്നൂറു കവിഞ്ഞു. ഇറാനിൽ നിന്നെത്തിയവരിലാണ് വൈറസ് ബാധ ഏറ്റവുമധികം സ്ഥിരീകരിച്ചത്. അതേസമയം, ഒമാനിൽ പൊതുപരിപാടികളെല്ലാം റദ്ദാക്കി. ആറു ഗൾഫ് രാജ്യങ്ങളിലായി ഇരുന്നൂറ്റിമൂന്നുപേർക്കാണ് വൈറസ് ബാധയേറ്റത്.

ഇരുപത്തിനാലു മണിക്കൂറിനിടെ ഇരുപ്പത്തേഴു പേർക്കാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ചത്. ബഹ്റൈനിൽ വൈറസ് ബാധയേറ്റവരുടെ എണ്ണം 62 ആയി. കുവൈത്തിൽ മൂന്നുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെയെണ്ണം 61 ആയി. സൌദിയിലും ഖത്തറിലും രണ്ടു പേർക്കു വീതം ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ 12 ഉം സൌദിയിൽ ഏഴും പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കോവിഡ് 19 പടർന്നതിനു പിന്നാലെ 114 പൌരൻമാർ ഇറാൻ സന്ദർശിച്ചതായും ഇവരിൽ 95 പേർ മടങ്ങിയെത്തിയതായും സൌദി വ്യക്തമാക്കി. 

ഇറാൻ സന്ദർശിച്ചവരെയെല്ലാം ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇറാഖിലെ നജാഫിൽ നിന്നുമെത്തിയ 104 പേർക്കു ആരോഗ്യപരിശോധന നടത്തിയെന്നു കുവൈത്ത് അറിയിച്ചു. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിൽ നിന്നും റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശനം വിലക്കി. ഒമാനിൽ രാജ്യാന്തര ദേശീയ പരിപാടികളടക്കം എല്ലാ പൊതുപരിപാടികളും താൽക്കാലികമായി റദ്ദാക്കി. യുഎഇയിലേക്കു വരുന്ന എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും ആരോഗ്യപരിശോധന നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ആരോഗ്യപരിശോധന നടത്തും.