ഗൾഫിൽ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു; ആകെ മരണം 2700

ഗൾഫ് മേഖലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലായി ഇരുപത്തിമൂന്നു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെല്ലാം ഇറാനിൽ നിന്നെത്തിയവരാണെന്നു വിവിധ ആരോഗ്യമന്ത്രാലയങ്ങൾ വ്യക്തമാക്കി. അതിനിടെ കൊറോണയില്‍ ആകെ മരണം 2700 ആയി. ഇറ്റലിയില്‍ മാത്രം  11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇറാൻ സന്ദർശിച്ചു മടങ്ങിയെത്തിയവരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനിൽനിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങൾ വഴി ബഹ്‌റൈനിൽ എത്തിയവർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. രോഗബാധിതരേയും ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നവരേയും  ഐസലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുമെത്തുന്ന എല്ലാവരേയും സമഗ്രമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ബഹ്റൈനിൽ ഇതുവരെ 17 പേർക്കാണ് കോവിഡ് 19 സ്ഥീരികരിച്ചത്. കുവൈത്തിൽ അഞ്ചുപേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആകെയെണ്ണം എട്ടായി. ഇറാനിൽനിന്ന് കുവൈത്ത് എയർവെയ്സ് വഴി എത്തിച്ചവരാണ് 8പേരും. ഒമാനിൽ രണ്ടു പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ സന്ദർശിച്ചു മടങ്ങിയെത്തുന്ന എല്ലാവരുടേയും ആരോഗ്യപരിശോധന ഗൾഫിലെ വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിവിധ ആരോഗ്യമന്ത്രാലയങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.