ചൈന യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ഗൾഫ്; പൗരൻമാരെ തിരികെയെത്തിക്കുന്നു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള വിമാനസർവീസുകൾക്കു നിയന്ത്രണമേർപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ. കുവൈത്തിനു പിന്നാലെ സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ചൈനയിലേക്കുള്ള വിമാനസർവീസ് താൽക്കാലികമായി റദ്ദാക്കി. പൗരൻമാരായ വിദ്യാർഥികളെ  സൌദി അറേബ്യ വുഹാനിൽ നിന്നും തിരികെയെത്തിച്ചു.

കൊറോണ വൈറസ് ബാധ പടരാതിരിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് നാലു ഗൾഫ് രാജ്യങ്ങൾ ചൈനയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ചൈന യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർക്ക് മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുകയോ ടിക്കറ്റ് തുക തിരികെ വാങ്ങുകയോ ചെയ്യാമെന്നു ഖത്തർ എയർവെയ്സ് അറിയിച്ചു. 

അതിനിടെ, വുഹാനിൽ നിന്നും സൗദിപൌരൻമാരായ പത്തു വിദ്യാർഥികളെ പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിച്ചു. ഇവരുടെ ആരോഗ്യപരിശോധന നടത്തിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.  ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ഇറാഖ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. 

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇിൽ മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിൽ നിന്നെത്തിയ, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ചു പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

കേരളമടക്കം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാടുകളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഗൾഫിലെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യസുരക്ഷാ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെക്കുറിച്ചു സമൂഹമാധ്യമങ്ങളിലടക്കം തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും അധികൃതർ നിർദേശിക്കുന്നു.