അബുദാബിയെ നടുക്കി വാഹനാപകടം; 6 മരണം; 19 പേർക്ക് പരുക്ക്; വിഡിയോ

മിനി ബസും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽറാഹ ബീച്ച് സ്ട്രീറ്റിനു സമീപം വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു അപകടം. മരിച്ചത് ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരാണെന്ന് പൊലീസ് സൂചിപ്പിച്ചു. ദുരന്തത്തിനിരയായവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അശ്രദ്ധയോടെ വന്ന മറ്റൊരു വാഹനം ട്രക്കിനെ മറികടന്നതാണ് അപകടത്തിലേക്കു നയിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നതായി പൊലീസ് സൂചിപ്പിച്ചു. ഈ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ട്രക്ക് ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടതോടെ തൊട്ടു പിന്നിലെത്തിയ മിനി ബസ് ട്രക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.‌ മൃതദേഹങ്ങളും പരുക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്കു മാറ്റി.

അപകടത്തെ തുടർന്ന് ഈ റോഡിലെ ഗതാഗതം മണിക്കൂറിലേറെ സ്തംഭിച്ചു. രാവിലെ ജോലിക്ക് പോകുന്ന സമയമായതിനാൽ പലരും ഗതാഗതക്കുരുക്കിൽ കുടുങ്ങി. യാത്രക്കാർ മറ്റു റോഡുകളെ ആശ്രയിച്ചതോടെ ബദൽറോഡുകളെല്ലാം ഗതാഗതക്കുരുക്കിലമർന്നു. ഖലീജ് അൽ അറബ് സ്ട്രീറ്റു വഴി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ഭാഗത്തേക്കു ഗതാഗതം തിരിച്ചുവിടുകയായിരുന്നു. ദ്രുതകർമസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ 8.55ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.

ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ഒരാളുടെ അശ്രദ്ധയ്ക്ക് നിരപരാധികളുടെ ജീവനാണ് വിലകൊടുക്കേണ്ടിവരുന്നതെന്നും അബുദാബി പൊലീസിലെ ഗതാഗത അന്വേഷണ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഹൊസനി പറഞ്ഞു.