പൊതുഗതാഗതം കൂടുതൽ ആകർഷകമാകും; പുത്തൻ പദ്ധതികൾ

ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. കൂടുതൽ ബസ് സർവീസുകളും പുതിയ റൂട്ടുകളും തുടങ്ങുന്നതടക്കമുള്ള പദ്ധതികളാണ് പരിഗണനയിലുള്ളത്. ഒക്ടോബറിൽ ദുബായ് എക്സ്പോ തുടങ്ങുന്നതിനു മുൻപ് പുതിയ പദ്ധതികൾ നിലവിൽ വരും.

തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ ബസ് സർവീസുകളും ജനവാസകേന്ദ്രങ്ങളിലേക്കു കൂടുതൽ റൂട്ടുകളുമാണ് ആർടിഎ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിൽ എസി ബസ് ഷെൽറ്ററുകൾ,  പ്രധാന കേന്ദ്രങ്ങളിൽ നോൽകാർഡ് റീചാർജ് ചെയ്യാൻ കൂടുതൽ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ തുടങ്ങിയവയും പരിഗണിക്കുന്നു. പൊതുവാഹന യാത്രക്കാരുടെ നിർദേശങ്ങൾ പരിഗണിച്ചാണ് പുതിയ പദ്ധതികൾ പരിഗണിക്കുന്നത്. ആവശ്യങ്ങൾ വിലയിരുത്തി കസ്റ്റമേഴ്സ് കൌൺസിൽ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി. ഉൾപ്രദേശങ്ങളിലേക്കും ഇതര എമിറേറ്റുകളിലേക്കുമുള്ള സർവീസുകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

ബസ് സ്റ്റോപ്പുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും യാത്രക്കാർ ഉന്നയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ അബുദാബി യാസ് ഐലൻഡിലേക്ക് ബസ് സർവീസ് തുടങ്ങുന്നതും പരിഗണിക്കുന്നു.   മിർദിഫ് സിറ്റി, ഡ്രാഗൻ മാർട്ട് എന്നിവിടങ്ങളിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൌകര്യമൊരുക്കും. നിയമലംഘനങ്ങൾ കണ്ടെത്താൻ ബസുകളിലും മെട്രോയിലും പരിശോധനകൾ ഊർജിതമാക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കു പിഴ ചുമത്തും.