സ്കൂൾ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിദ്യാർഥി; കയ്യടി

സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവർ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചപ്പോൾ സമയോചിതമായി ഇടപെട്ട വിദ്യാർഥി ബസ് നിയന്ത്രിച്ചു നിർത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചു. സൗദി അറേബ്യയിലെ തൈമ ഗവർണറേറ്റിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞു പോകുമ്പോഴായിരുന്നു സംഭവം.

സാധാരണപോലെ എല്ലാവരും തിരികെ ബസിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നായിരുന്നു ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായത്. ഒരു നിമിഷം ബസിലുണ്ടായിരുന്ന വിദ്യാർഥികൾ എന്തു ചെയ്യണമെന്ന് അറിയാതെ സംശയിച്ചു. ഈ സമയം നഹാർ അൽ അൻസി എന്ന വിദ്യാർഥി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വാഹനം അപകടരഹിതമായി നിർത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബസിലുള്ളവർക്ക് ആർക്കും പരുക്കില്ല. നഹാറിന്റെ സമയോചിതമായ ഇടപെടലിനെ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാവരും അഭിനന്ദിച്ചു. 

അപകടം നടന്ന ബസ്സിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിനു പുറത്ത് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, വലിയൊരു അപകടത്തിൽ നിന്നാണ് വിദ്യാർഥി എല്ലാവരെയും രക്ഷിച്ചത്. തൈമയിലെ വിദ്യാഭ്യാസ ഡയറക്ടർ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ബസ് നിയന്ത്രിച്ചു നിർത്തിയ വിദ്യാർഥിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബസ് ഡ്രൈവർ മൊട്ടോബ് അൽ അൻസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ഡയറക്ടർ പ്രതികരിച്ചു.