സ്പോൺസറുടെ മകനോട് ജോലിക്കാരിയുടെ ചൂഷണം; നഗ്ന വിഡിയോ പകർത്തി; കേസ്

വീട്ടുജോലിക്കാരി സ്പോൺസറുടെ ഏഴു വയസ്സുള്ള മകനെ ചൂഷണം ചെയ്തെന്ന കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിൽ. പ്രതിയായ 35 വയസ്സുള്ള ഫിലിപ്പീൻ സ്വദേശിയായ വീട്ടുജോലിക്കാരിയുടെ മൊബൈൽ ഫോണിൽ കുട്ടിയുടെ മോശമായ വിഡിയോയും ഷൂട്ട് ചെയ്തെന്ന് പബ്ലിക് പ്രോസിക്യൂഷൻ രേഖകളിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ പിതാവ് അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

വീട്ടുജോലിക്കാരിയുടെ ഫോണിൽ തന്റെ മകന്റെ നഗ്നദൃശ്യങ്ങൾ ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടെന്നും അവനെ കൊണ്ട് ‘ഐ ലവ് യു’ എന്ന് നിർബന്ധിച്ച് പറയിപ്പിക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. വീട്ടുജോലിക്കാരിക്കെതിരെ കുട്ടിയെ ചൂഷണം ചെയ്ത് വിഡിയോ ചിത്രീകരിച്ചുവെന്നും അശ്ലീലമായ രീതിയിൽ പെരുമാറിയെന്നുമാണ് കേസ്. കൂടാതെ, കുട്ടിയെ ശാരീരികമായി മർദിച്ചുവെന്നും കേസുണ്ട്. കുറ്റപത്രത്തിൽ പ്രോസിക്യൂട്ടേഴ്സ് വിഡിയോയെ ‘പോൺ ക്ലിപ്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീട്ടുജോലിക്കാരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

പരാതി ലഭിച്ചതു മുതൽ ഈ സ്ത്രീ കസ്റ്റഡിയിലാണ്. കോടതിയിൽ വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചു. കുട്ടിയുടെ പിതാവ്, 32 വയസ്സുള്ള കോമറോസ് ഐലന്റ് സ്വദേശിയാണ്. ഇദ്ദേഹമാണ് പരാതി നൽകിയത്. ഓഗസ്റ്റ് 28ന് അൽ വർഖയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് പറയുന്നത് ഇങ്ങനെ: ‘രാവിലെ ഏതാണ്ട് 11.30 മണി സമയത്ത് ഞാൻ മകന്റെ കരച്ചിലാണ് കേട്ടത്. എന്താണ് സംഭവമെന്ന് നോക്കാൻ പോയപ്പോൾ വീട്ടുജോലിക്കാരി ചൂലുകൊണ്ട് മകനെ തല്ലുകയായിരുന്നു. ആദ്യം അവർ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് അവർ സമ്മതിച്ചു.’

സംഭവത്തിനുശേഷം കുട്ടിയുടെ പിതാവ് ജോലിക്കാരിയെയും കൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കേസിൽ ഫൊറൻസിക് പരിശോധനയും നടത്തി. തുടർ വിചാരണ നവംബർ അഞ്ചിന് നടക്കുമെന്നാണു സൂചന.