സ്കൈവേ പദ്ധതി: വിപ്ലവകരമായ മാറ്റവുമായി ഷാർജ

പൊതുഗതാഗത രംഗത്തു വിപ്ലവകരമായ മാറ്റവുമായി ഷാർജയിൽ സ്കൈവേ പദ്ധതി. റോഡിനു മുകളിലുള്ള കേബിളിലൂടെ അതിവേഗത്തിൽ നൂതന സംവിധാനങ്ങളുള്ള കാറുകൾ പരീക്ഷണയോട്ടം തുടങ്ങി. ഷാർജ എയർപോർട് റോഡ് മുതൽ മുവൈല റോഡ് വരെയാണ് ആദ്യഘട്ടം. 

യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്കിലായിരുന്നു സ്കൈവേയുടെ പരീക്ഷണയോട്ടം. കേബിളിൽ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള 'സ്മാർട്' യാത്രയാണ് യാഥാർഥ്യമാകുന്നത്. യാത്രയ്ക്കും ചരക്കുനീക്കത്തിനും ഇതുപയോഗപ്പെടുത്താനാണു നീക്കം.

ഡ്രൈവറില്ലാ വാഹനമാണ് സ്കൈ പോഡ്. പൂർണമായും ശീതീകരിച്ച സ്വയംനിയന്ത്രിത പോഡിൽ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. നാലു മുതൽ ആറു വരെ സീറ്റുകളുള്ള പോഡിൽ ത്രി ഡി ക്യാമറകളും സെൻസറുകളുമുണ്ടാകും. ഇലക്ട്രിക് വാഹനങ്ങളേക്കാൾ അഞ്ച് മടങ്ങ് കുറവ് വൈദ്യുതിയേ ആവശ്യമുള്ളൂ. അതേസമയം, ദുബായിലും സ്കൈ പോഡ് പദ്ധതി പുരോഗമിക്കുകയാണ്. ദുബായ് ഫിനാഷ്യൽ സെന്റർ, ഡൌൺടൌൺ, ബിസിനസ് ബേ മേഖലകളെയാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുക.  15 കിലോമീറ്റർ പാതയാണ് ദുബായിൽ ലക്ഷ്യമിടുന്നത്.