സൗദിയിലേക്ക് കൂടുതൽ യുഎസ് സൈനികർ; നീക്കം സുരക്ഷ ഉറപ്പാക്കാൻ

സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ സൌദിയിൽ അമേരിക്കയുടെ സൈനികശക്തി വർധിപ്പിക്കുന്നു. കൂടുതൽ യുഎസ് സൈനികരെ വിന്യസിപ്പിക്കാനും ആയുധങ്ങൾ സ്വീകരിക്കുന്നതിനും സൌദി ഭരണാധികാരി അംഗീകാരം നൽകി. മേഖലയിൽ സമാധാനം ഉറപ്പുവരുത്താനും പ്രദേശത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളെ ചെറുക്കാനുമാണ് അമേരിക്കയുമായുള്ള സൌദിയുടെ സഹകരണമെന്നു സൌദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

സൌദിയിൽ 3000 അധികം സൈനികരെ വിന്യസിപ്പിക്കാനും ആയുധങ്ങൾ കൈമാറാനും പെൻറഗൺ നേരത്തേ അനുമതി നൽകിയിരുന്നു. തുടർന്നാണ് സൈനികസഹായം സ്വീകരിക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അംഗീകാരം നൽകിയത്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധസംവിധാനം, വിമാനവ്യൂഹം തുടങ്ങിയവ അമേരിക്ക സൌദിക്കു കൈമാറും.

സൌദിയിലെ അരാംകോ എണ്ണക്കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്നായിരുന്നു സൌദിയിലേക്കു കൂടൂതൽ സൈന്യത്തെ അയക്കുമെന്നു അമേരിക്ക അറിയിച്ചത്. സൌദിയിലെത്തുന്ന യു.എസ് സൈന്യവും ഗൾഫ് കടലിൽ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും മേഖലയിലെ  വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാണെന്നാണ് പെൻറഗൺ വിലയിരുത്തൽ.