സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി: പ്രവാസികൾക്കു ഗുണകരമായി പുതിയ നിയമം

ഖത്തറില്‍ താമസിക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ ഇനി മുതല്‍ രാജ്യത്ത് ജോലി ചെയ്യാം. കുടുംബ വീസയിലുള്ള പതിനെട്ട് വയസ്സ് പ്രായമായ ആണ്‍കുട്ടികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ ഇനി  മറ്റു സ്പോണ്‍സര്‍ഷിപ്പുകളുടെ ആവശ്യമില്ല. പുതിയ നിയമം മലയാളികളടക്കമുള്ള പ്രവാസികൾക്കു ഗുണകരമാണ്.

പ്രവാസി രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള മക്കള്‍ക്ക് പുതിയ നിയമം ബാധകമാണ്.പിതാവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ തന്നെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന  നിയമപരിഷ്കരണമാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. ഭര്‍ത്താവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ ഭാര്യയ്ക്കും പെണ്‍മക്കൾക്കും ജോലി ചെയ്യാമെന്ന നിയമം നേരത്തേ നിലവിലുണ്ട്. പുതിയ തീരുമാനം  പ്രാബല്യത്തില്‍ വരുന്നതോടെ കുടുംബത്തിലെ എല്ലാവര്‍ക്കും പിതാവിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ സ്വകാര്യമേഖലയില്‍ ജോലി നോക്കാം.  താല്‍ക്കാലിക ജോലികള്‍ക്കായി പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിന് ആറ് മാസം വരെ കാലാവധിയുള്ള പുതിയ പ്രൊഫഷണല്‍ സന്ദർശകവീസയും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ലൈസന്‍സുള്ള കമ്പനികള്‍ക്കും വ്യവസായ ശാലകള്‍ക്കും മാത്രമായിരിക്കും ഈ വിസ അനുവദിക്കുക.  ആഭ്യന്തര മന്ത്രാലയം, ഭരണവികസനകാര്യമന്ത്രാലയം, തൊഴില്‍ സാമൂഹ്യക്ഷേമമന്ത്രാലയം എന്നിവ സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്.