ഒരു ലീവ് പോലും എടുക്കാതെ 43 വർഷം; അപൂർവ നേട്ടവുമായി റാക് പൊലീസ് ഉദ്യോഗസ്ഥൻ

43 വർഷത്തെ സർവീസിനിടെ ഒരു ദിവസം പോലും ലീവ് എടുക്കാത്ത റാസൽഖൈമ പൊലീസ് ഉദ്യോസ്ഥനെ ആദരിച്ചു. അബ്ദുൽ റഹ്മാൻ ഒബൈദ് അൽ തുനാജി എന്ന ഉദ്യോഗസ്ഥനാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. റാസൽഖൈമ പൊലീസ് ജനറൽ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുമൈമിയാണ് ഉദ്യോഗസ്ഥനെ ആദരിച്ചത്.

റാസൽഖൈമ പൊലീസിലെ നോൺ കമ്മീഷൻഡ് ഓഫിസർ ആണ് അബ്ദുൽ റഹ്മാൻ ഒബൈദ് അൽ തുനാജി. ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റിലാണ് ഇദ്ദേഹം സേവനം നടത്തുന്നത്. ‘ഒരു ദിവസം പോലും ലീവെടുക്കാതെ അദ്ദേഹം 43 വർഷം പൂർത്തിയാക്കി. സമയനിഷ്ഠയുടെ കാര്യത്തിലും തൊഴില്‍പരമായ കഴിവിന്റെ കാര്യത്തിലും അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആത്മാർഥതയും പ്രതിബദ്ധതയും ഡിപാർട്ട്മെന്റിന് വലിയ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്’– മേജർ ജനറൽ അൽ നുമൈമി പറഞ്ഞു.

തന്നെ കുറിച്ചുള്ള നല്ല വാക്കുകൾക്കും അനുമോദനത്തിനും അബ്ദുൽ റഹ്മാൻ ഒബൈദ് അൽ തുനാജി റാസൽഖൈമ പൊലീസിന് നന്ദി പറഞ്ഞു. ഞാൻ എന്റെ ഡ്യൂട്ടി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു. മികച്ച പിന്തുണ നൽകുന്ന യുഎഇ നേതൃത്വത്തിന് നന്ദി പറയുകയും ചെയ്തു.