മലയാളി യുഎസ്സിൽ വെടിയേറ്റു മരിച്ച സംഭവം; പ്രതി പിടിയിൽ; ‍ഞെട്ടൽ മാറാതെ കുടുംബം

ഷാർജയിലെ പ്രവാസി വിദ്യാർഥി തൃശൂർ സ്വദേശി നീൽ പുരുഷ് കുമാറി(29)നെ അമേരിക്കയിൽ വെടിവച്ചുകൊന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ലിയോൺ ടെറൽ ഫ്ലവേഴ്സ്(23) ആണ് അറസ്റ്റിലായത്. കൊലപാതകത്തിനും കവർച്ചയ്ക്കും പ്രതിയുടെ പേരിൽ കേസെടുത്തു. 52 വർഷം മുൻപ് യുഎഇയിലെത്തി 39 വർഷമായി ഷാർജയിൽ പബ്ലിഷിങ് കമ്പനി നടത്തുന്ന പുരുഷ് കുമാർ– സീമ ദമ്പതികളുടെ മകനാണ് നീൽ. 

ഇൗ മാസം 24ന് അമേരിക്കയിലെ ബ്രൻഡിഡ്ജിലെ അലബാമയിലായിരുന്നു സംഭവം. ട്രോയ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയായിരുന്ന നീൽ ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സംഭവദിവസം രാവിലെ അറിന് സ്ഥാപനം തുറന്ന് അൽപം കഴിഞ്ഞപ്പോഴായിരുന്നു അക്രമം. കടയിലെത്തിയ പ്രതി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽ നിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ് വിവരം നൽകുന്നവർക്ക് 4000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽ നിന്നു എൻജിനീയറിങ് പൂർത്തിയാക്കി.  രണ്ടു വർഷം പിതാവിനെ ബിസിനസിൽ സഹായിച്ചശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. രണ്ട് സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കി. ഒരു സെമസ്റ്റർ ബാക്കിയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പുരുഷ് കുമാറും സീമയും അമേരിക്കയിലെത്തുകയും മൃതദേഹം അവിടെ തന്നെ സംസ്കരിക്കുകയും ചെയ്തു. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. നീലിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇവർ ഇതുവരെ മോചിതരായിട്ടില്ല.