യുഎഇ ബാഡ്മിന്റൺ ടീമിൽ ഇന്ത്യൻ ആധിപത്യം; ഇരുപത്തിരണ്ടും ഇന്ത്യക്കാർ

പോളണ്ടിൽ നടക്കുന്ന  മുതിർന്നവരുടെ ലോക ബാഡ്മിൻറൺ ചാംപ്യൻഷിപ്പിൽ  യു.എ.ഇയെ പ്രതിനിധീകരിക്കുന്നത് മിനി ഇന്ത്യ. യു.എ.ഇയുടെ ഇരുപത്തിനാലംഗ സംഘത്തിൽ മലയാളികളുൾപ്പെടെ ഇരുപത്തിരണ്ടുപേരും ഇന്ത്യക്കാരാണ്. 

പോളണ്ടിൽ അടുത്തമാസം നാലു മുതൽ പതിനൊന്നു വരെയാണ് ഒൻപതാമത് ബി.ഡബ്ലൂ.എഫ്  വേൾഡ് സീനിയർ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ് നടക്കുന്നത്. 35 മുതൽ 75 വയസ്സു വരെയുള്ളവരാണ് പങ്കെടുക്കുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഇന്ത്യക്കാരുടെ സംഘമാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. 

ഇന്ത്യക്കാരെ കൂടാതെ ബ്രിട്ടൺ, ശ്രീലങ്കൻ സ്വദേശികളാണ് ടീമിലുള്ളത്. കാനഡ, അമേരിയ്ക്ക, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളും ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്. വിദേശികളെ ദേശീയ ടീമിൽ ചേർക്കാമെന്ന നിയമ ഭേദഗതിപ്രകാരമാണ് യുഎഇയ്ക്കുവേണ്ടി പ്രവാസികൾ കുപ്പായമണിയുന്നത്.