സൗദിയിൽ അമേരിക്കൻ സൈനിക താവളത്തിന് സൽമാൻ രാജാവ് അംഗീകാരം നൽകി

ഗൾഫ് മേഖലയിൽ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ സൌദിയിൽ അമേരിക്കൻ സൈനിക താവളത്തിന് സൽമാൻ രാജാവ് അംഗീകാരം നൽകി. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിർത്താനാണ് നടപടിയെന്ന് സൌദി വാർത്താ ഏജൻസി വ്യക്തമാക്കി. ബ്രിട്ടീഷ് കപ്പൽ, ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെയാണ് സൌദിയുടെ തീരുമാനം.

അമേരിക്ക അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള എണ്ണ, ചരക്ക് ഗതാഗതത്തിൻറെ പ്രധാന മേഖലയായ ഗൾഫിൽ മാസങ്ങളായി തുടരുന്ന അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് അമേരിക്ക സൈനിക താവളം ഒരുക്കുന്നത്.ഇറാനെ നേരിടാൻ തന്ത്രപ്രധാന സ്ഥലമായ സൌദിയിൽ അമേരിക്കയുടെ സൈനിക താവളത്തിന് സൌദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. ഇറാനും അമേരിക്കയുമായുള്ള സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെയാണ്  അപ്രതീക്ഷിത നീക്കം. നിലവില്‍ യമനിലെ നീക്കത്തില്‍ സൌദി സഖ്യസേനയെ സഹായിക്കുന്നുണ്ട് അമേരിക്കന്‍ സൈന്യം. എന്നാല്‍ രാജ്യത്ത് യു.എസിന്റെ സായുധ സൈന്യത്തിന് പ്രത്യേക താവളം നിലവിലില്ല. എന്നാൽ, പുതിയ ക്യാംപിൻറെ പ്രവർത്തനവും അംഗസംഖ്യയുമടക്കമുള്ല വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും വാർത്താ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.