ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോർജ പ്രകാശം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇനി സൌരോർജ പ്രകാശം. ടെർമിനൽ രണ്ടിൽ പതിനയ്യായിരം സൌരോർജ പാനലുകൾ സ്ഥാപിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സൌരോർജ പദ്ധയിയാണിത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളമാണ് സൌരോർജ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. അഞ്ചു മെഗാവാട്ട് ശേഷിയുള്ള സൗരോർജ് പദ്ധതി വർഷത്തിൽ 74,83,500 കിലോ വാട്ട് ഊർജം ഉത്പാദിപ്പിക്കും. ഇതോടെ ടെർമിനൽ രണ്ടിലെ നിലവിലെ വൈദ്യുതി ഉപഭോഗം 29 ശതമാനം വരെ കുറയും. 

പ്രതിവർഷം 3,243 മെട്രിക് ടൺ കാർബൺ ബഹിർഗമനവും കുറയും. ദുബായ് വിമാനത്താവളവും ദുബായ് ജല വൈദ്യുതു വകുപ്പിൻറെ കീഴിലുള്ള ഇത്തിഹാദ് എനർജി സർവീസസ് കമ്പനിയും ചേർന്നാണ് സംരംഭം തുടങ്ങുന്നത്. പതിനയ്യായിരം സൌരോർജ പാനലുകൾ സ്ഥാപിച്ചതിലൂടെ പ്രതിവർഷം 33 ലക്ഷം ദിർഹം ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. 2030 ഓടെ ഊർജ ഉപയോഗത്തിൽ 30 ശതമാനം കുറവു വരുത്തുകയെന്ന ലക്ഷ്യത്തിൻറെ ഭാഗമായാണ് സോളാർ പദ്ധതിയെന്ന് ദുബായ് വിമാനത്താവളത്തിലെ അടിസ്ഥാനസൌകര്യ സാങ്കേതിക വിഭാഗം എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് മൈക്കൽ ഇബ്ബിറ്റ്സൺ പറഞ്ഞു.