ചെന്നൈ മലയാളികൾക്ക് ആശ്വാസം; സർട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന് നോർക്കാ റൂട്സിൽ സൗകര്യം

വിദേശരാജ്യങ്ങളിൽ ജോലിക്കുപോകുന്ന ചെന്നൈ മലയാളികൾക്കു സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു നോർക്ക റൂട്സ് സൗകര്യമൊരുക്കുന്നു. ചെന്നൈ ഗ്രീംസ് റോഡിലെ നോർക്ക ഓഫീസിൽ സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകും. അതേസമയം, വാണിജ്യ സർട്ടിഫിക്കേറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തൽ ഇനി കേരളത്തിലെ നോർക്ക റൂട്സ് ഓഫീസുകൾ വഴി ലഭ്യമാകും.

വിദേശകാര്യങ്ങളിൽ ജോലിക്കുപോകുന്ന ചെന്നൈ മലയാളികൾ നിലവിൽ തിരുവനന്തപുരത്തെത്തിയാണ് സർട്ടിഫിക്കേറ്റുകൾ സാക്ഷ്യപ്പെടുത്തിയിരുന്നത്. മാനവവിഭവശേഷി, വിദേശകാര്യമന്ത്രാലയങ്ങൾ, എംബസി അറ്റസ്റ്റേഷനുകൾ എന്നിവ, ഇനി ചെന്നൈ ഗ്രീംസ് റോഡിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സ് കെട്ടിടത്തിലെ നോർക്ക ഓഫീസ് വഴി ലഭ്യമാകും. കേരളത്തിലെ സർവകലാശാലകളിൽ പഠിച്ച ഇതരസംസ്ഥാനക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. 

ഒറിജിനൽ വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകൾ, രണ്ടു പകർപ്പുകൾ, പാസ്പോർട്ടിൻറെ ഒറിജിനലും പകർപ്പും എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.  എച്ച്.ആർ.ഡി സാക്ഷ്യപ്പെടുത്തൽ ഒരാഴ്ച കൊണ്ടും എംബസി സാക്ഷ്യപ്പെടുത്തൽ ഒരു മാസം കൊണ്ടും പൂർത്തിയാകുമെന്നു നോർക്ക അധികൃതർ അറിയിച്ചു. ‌

അതേസമയം, പവർ ഓഫ് അറ്റോർണി, ട്രേഡ് മാർക്ക്, ബിസിനസ് ലൈസൻസുകൾ തുടങ്ങി വിവിധ വാണിജ്യ സർട്ടിഫിക്കേറ്റുകളുടെ യു.എ.ഇ എംബസി അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്സിന്റെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഓഫീസുകൾ വഴി ലഭ്യമാകുമെന്നു നോർക്ക റൂട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.