സൗദി വിമാനത്താവളങ്ങൾക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം

സൗദിയിലെ രണ്ടു വിമാനത്താവളങ്ങൾക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. ഡ്രോണുകള്‍ സൌദി സഖ്യസേന ആകാശത്ത് വെച്ച് തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികൾ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത്.

സൌദിയിലെ അബ്ഹ, ജസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ്ഹൂതി വിമതർ  ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ചത്. എന്നാല്‍ ഡ്രോണുകള്‍ സൗദി സുരക്ഷാസേന ആകാശത്ത് വെച്ചുതന്നെ തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആക്രമണം നടത്തിയെന്ന് ഹൂതികളുടെ ടെലിവിഷന്‍ ചാനല്‍ സ്ഥിരീകരിച്ചു.  ജിസാന്‍ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമും അബഹ വിമാനത്താവളത്തിലെ ഇന്ധന സ്റ്റേഷനും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് ഇരു വിമാനത്താവളങ്ങളിലേയും സര്‍വീസുകൾ താൽക്കാലികമായി  നിർത്തിവച്ചു. അതിനിടെ, ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൌദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. സന്‍ആ അടക്കമുള്ള മേഖലകളില്‍‌ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹൂതി മേഖലകളില്‍ നിന്നും മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. കഴിഞ്ഞ ബുധനാഴ്ച അബ്ഹ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ 26 പേർക്ക് പരുക്കേറ്റിരുന്നു.