യു.എ.ഇയിലെ തൊഴില്‍ മേഖലയിൽ 9 ശതമാനം വളർച്ചയുണ്ടാകുമെന്നു റിപ്പോർട്ട്

യു.എ.ഇയിലെ തൊഴില്‍ മേഖലയിൽ ഈ വർഷം ഒൻപതു ശതമാനം വളർച്ചയുണ്ടാകുമെന്നു റിപ്പോർട്ട്. മുപ്പത്തിയേഴു ശതമാനം കമ്പനികൾ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നു ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, ഏഷ്യക്കാരെയാണ് കൂടുതൽ കമ്പനികളും ജോലിക്കു പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. 

മറ്റു രാജ്യക്കാരേക്കാൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ പ്രവാസികൾ തയ്യാറാകുന്നുവെന്നാണ് ഗൾഫ് ടാലൻറ് നടത്തിയ സർവേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കമ്പനികളിൽ ഈ വർഷം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നറിയിച്ചു. 36 ശതമാനം കമ്പനികള്‍ ഇപ്പോഴത്തെ നില തന്നെ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. യു.എ.ഇയിൽ ജോലി ലഭിക്കുന്നവരില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 12 ശതമാനം വര്‍ദ്ധനവുണ്ടായി.

അതേസമയം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും എണ്ണത്തില്‍ യഥാക്രമം എട്ടു പത്തു ശതമാനം കുറവുണ്ടായി. ഒരേ തസ്തികയിലാണെങ്കിലും അറബ് സ്വദേശികളേക്കാൾ 20 ശതമാനവും യൂറോപ്യൻ അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസികളേക്കാൾ 40 ശതമാനവും ശമ്പളം കുറവാണ് ഏഷ്യക്കാർക്കു ലഭിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.