ദമാം വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട യുവതി നാട്ടിലേയ്ക്ക്‌ മടങ്ങി

ദമാം രാജ്യാന്തര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ഇന്ത്യക്കാരി നാട്ടിലേയ്ക്ക്‌ മടങ്ങി. തെലുങ്കാന സ്വദേശിനിയായ മാർഗരറ്റ് ആണ് ഒരു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസത്തിനു ശേഷം നാട്ടിലേക്ക്‌ മടങ്ങിയത്. എയർപോർട്ടിൽ നിന്ന് പൊലീസ്‌ സഹായത്തോടെ ദമാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇവരെ നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെയും ഇന്ത്യൻ എമ്പസി വോളന്റിയർ ടീമിന്റെയും സഹായത്തോടെയാണ്‌ നടപടികൾ പൂർത്തിയാക്കിയത്‌‌. 

രണ്ടു വർഷം മുമ്പ്‌ സ്വദേശിയുടെ വീട്ടുജോലിക്കാരിയായി എത്തിയ ഇവർ പ്രശ്നങ്ങൾക്കിടയിലും അവിടെ തുടരുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷം, തൊഴിൽ കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ നാട്ടിലേക്ക്‌ ഫൈനൽ എക്സിറ്റിൽ മടങ്ങണമെന്ന് മാർഗരറ്റ് സ്പോൺസറെ അറിയിച്ചെങ്കിലും സമ്മതിച്ചില്ല. അവസാനം ഫൈനൽ എക്സിറ്റ്‌ അടിച്ചെന്ന വ്യാജേന എയർപോർട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയ സ്പോൺസർ, ദമാം എയർപോർട്ടിൽ അവരെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 

കരാർ അവസാനിക്കുമ്പോൾ നൽകാനുള്ള ആനുകൂല്യങ്ങളും ടിക്കറ്റും നൽകാതിരിക്കാൻ സ്പോൺസർ കണ്ടുപിടിച്ച മാർഗമായിരുന്നു ഇത്. എയർപോർട്ടിൽ അനാഥയായി അലയുന്നത് കണ്ട മാർഗരറ്റിനെ എയർപോർട്ട് അധികൃതർ സൗദി പൊലീസിന് കൈമാറുകയും ദമാം വനിതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. അഭയകേന്ദ്രത്തിൽ എത്തിയ ഇവരെ എക്‌സിറ്റ്‌ അടിച്ചു കിട്ടാൻ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനും സഹപ്രവർത്തകരും സ്പോൺസറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്‌ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മാർഗരറ്റിന് ഫൈനൽ എക്സിറ്റ് അടിച്ച്‌ കിട്ടിയത്‌. എംബസി വൊളന്റിയർ ടീം കോ ഒാർഡിനേറ്റർ മിർസ ബെയ്ഗ് വിമാനടിക്കറ്റും കൊടുത്തതോടെ മാർഗരറ്റിന്റെ മടക്കം എളുപ്പമായി