ഗൾഫ് രാജ്യങ്ങളിലെ വിദേശ തൊഴിൽശേഷിയിൽ വൻ കുറവെന്നു റിപ്പോർട്ട്

ഗൾഫ് രാജ്യങ്ങളിലെ വിദേശ തൊഴിൽശേഷിയിൽ വൻ കുറവെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സ്ഥിതിവിവരകണക്കനുസരിച്ചു യു.എ.ഇയിൽ മാത്രം ഇരുപത്താറു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശതൊഴിലാളികൾക്കു ലഭിക്കുന്ന ശമ്പളത്തിലും കുറവുണ്ടെന്നു ബൈത്ത് ഡോട് കോം  റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗൾഫിൽ പ്രവാസികളുടെ തൊഴിൽ സാധ്യതകളും ശമ്പളവും കുറയുന്നുവെന്ന റിപ്പോർട്ടാണ് ബൈത്ത് ഡോട് കോം പുറത്തുവിട്ടത്. കുവൈത്തിൽ വിദേശ തൊഴിൽശേഷിയിൽ 27.73% കുറവാണ് രേഖപ്പെടുത്തിയത്. സൌദി അറേബ്യയിൽ 34.21%, യു‌എ‌ഇയിൽ 26.74% എന്നിങ്ങനെയാണ് കുറവ്. ഗൾഫ് രാജ്യത്ത് വിദേശികൾക്ക് ലഭിക്കുന്ന പ്രതിമാസ ശരാശരി ശമ്പളം 8.083 ഡോളർ ആണ്. മുൻ‌വർഷത്തെക്കാൾ 26% കുറവാ‍ണിത്. ബഹുരാഷ്ട്ര കമ്പനികളിലെ സി‌ഇ‌ഒമാരും മാനേജിങ് ഡയറക്ടറുമാണ് വിദേശികളിൽ ഉയർന്ന ശമ്പളം നേടുന്നവർ. ഇവർക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 33.988 ഡോളറിൽനിന്ന് 34.990 ആയി വർധിച്ചിട്ടുണ്ട്. പ്രാദേശിക കമ്പനികളിലെ ചീഫ് എക്സിക്യുട്ടീവുമാർക്കും മാനേജിങ് ഡയറക്ടർമാർക്കും ലഭിക്കുന്ന ശമ്പളത്തിൽ 13.25% ആണ് വർധന. ശരാശരി ശമ്പളത്തുക 22.031 ഡോളറിൽനിന്ന് 24.950 ഡോളറായി വർധിച്ചു. സൌദി അറേബ്യയിലാണ് ശമ്പളനിരക്ക് ഏറ്റവും കൂടുതലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.