2022ലെ ലോകകപ്പ് ഫുട്ബോൾ വേദി ഖത്തറിനൊപ്പം പങ്കിടുന്നത് പരിഗണിക്കുമെന്നു യു.എ.ഇ

രണ്ടായിരത്തിഇരുപത്തിരണ്ടിലെ ലോകകപ്പ് ഫുട്ബോൾ വേദി ഖത്തറിനൊപ്പം പങ്കിടുന്നത് പരിഗണിക്കുമെന്നു യു.എ.ഇ. ഇക്കാര്യത്തിൽ ഫിഫയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു യു.എ.ഇ കായികവകുപ്പു മേധാവി വ്യക്തമാക്കി. കുവൈത്തും ഒമാനും യു.എ.ഇയുമാണ് ഖത്തറിനൊപ്പം വേദി പങ്കിടാൻ താൽപര്യം അറിയിച്ചിട്ടുള്ളത്.

ഖത്തറുമായി ഉപരോധം തുടരുന്ന പശ്ചാത്തലത്തിൽ വേദി പങ്കുടുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഭരണകൂടമാണെന്നു യു.എ.ഇ ജനറൽ സ്പോർട്സ് അതോറിറ്റി അധ്യക്ഷൻ മുഹമ്മദ് ഖാൽഫാൻ അൽ റൊമൈത്തി വ്യക്തമാക്കി. മുപ്പത്തിരണ്ടു ടീമുകളാണ് നിലവിൽ ടൂർണമെൻറിൽ പങ്കെടുക്കാനൊരുങ്ങുന്നത്. എന്നാൽ, അത് നാൽപ്പത്തിയെട്ടു ടീമുകളാക്കി വർധിപ്പിക്കണമോയെന്നു അടുത്ത മാസം ഫിഫ തീരുമാനമെടുക്കും.

ടീമുകളുടെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ വേദി ഖത്തറിനു പുറത്തേക്കു വ്യാപിപ്പിക്കേണ്ടി വരുമെന്നു ഫിഫ സൂചന നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ പരിഗണിക്കുന്നത്. 2017 ജൂണിൽ ഖത്തറിനെതിരെ യു.എ.ഇ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഒമാനും കുവൈത്തും ഖത്തറിനോടും യു.എ.ഇയോടും സമദൂരമാണ് തുടരുന്നത്. അതേസമയം, ഏഷ്യകപ്പ് വിജയകരമായി പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ യു.എ.ഇക്ക് ലോകകപ്പിനു വേദിയൊരുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ജനറൽ സ്പോർട്സ് അതോറിറ്റി അധ്യക്ഷൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.