യു.എ.ഇയിൽ സ്പോൺസർ മരിച്ചാൽ തൊഴിലാളിയുടെ കരാർ റദ്ദാക്കുമെന്ന് മന്ത്രാലയം

യു.എ.ഇയിൽ സ്പോൺസർ മരിച്ചാൽ ഗാർഹിക തൊഴിലാളിയുടെ കരാർ റദ്ദാക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം. അതേസമയം, തൊഴിലാളി ചികിൽസാ അവധിയിലാണെങ്കിൽ സ്പോൺസർക്കു കരാർ റദ്ദാക്കാൻ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ കരാറുകളുടെ പ്രഥമ വ്യക്തി സ്പോണസറാണെന്നും അതിനാൽ, സ്പോൺസർ മരിച്ചാൽ സ്വാഭാവികമായും കരാർ റദ്ദാകുമെന്നും മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാൽ, തൊഴിലാളിക്കു സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്യാൻ താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ മന്ത്രാലയത്തെ സമീപിച്ചു കരാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണം. അതേസമയം, തൊഴിലാളിക്കു തുടർ സേവനത്തിനു സാധ്യമല്ലെന്നു വ്യക്തമാക്കുന്ന വൈദ്യപരിശോധനാ ഫലം സമർപ്പിച്ചാൽ സ്പോൺസർക്കു കരാർ റദ്ദാക്കാനാകുമെന്നും 2017 ലെ പത്താം നമ്പർ ഫെഡറൽ തൊഴിൽ നിയമം  വ്യവസ്ഥ ചെയ്യുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളിലോ മറ്റോ അകപ്പെട്ട തൊഴിലാളിക്കെതിരെ കോടതി വിധി വന്നാൽ, തൊഴിലുടമക്കു കരാർ റദ്ദാക്കാമെന്നും അധികൃതർ നിർദേശിക്കുന്നു. കരാർ കാലത്തിനിടെ അനധികൃതമായി പത്തുദിവസം തുടർച്ചയായി ജോലിയിൽ നിന്നും വിട്ടുനിന്നാൽ, തൊഴിൽ കരാർ റദ്ദാക്കാൻ ഉടമയ്ക്കു അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.