കാലിമ്മേ ചവിട്ടല്ലേ.. ചിരിമധുരമിട്ട് റിയാദിൽ മലയാളിയുടെ പായസക്കച്ചവടം, വിഡിയോ

റിയാദ്: തിക്കും തിരക്കുമുണ്ടാക്കല്ലേ, കാലിമ്മേ ചവിട്ടല്ലേ...ലുഖ്മാനിയ ഇന്റർനാഷനൽ കമ്പനി തയ്യാറാക്കുന്ന പായസം എല്ലാവർക്കും തരാം–രസികൻ പഞ്ച് ഡയലോഗുകളും കൗണ്ടറുകളുമായി ഷാഹുൽ ഹമീദ് പായസ കച്ചവടം പൊടിപൊടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന, നടൻ ജയസൂര്യ തന്റെ ഫെയ്സ് ബുക്ക് പേജിൽ ഷെയർ ചെയ്ത വീഡിയോയിലെ പായസക്കച്ചവടക്കാരൻ തൃശൂർ കയ്പമംഗലം സ്വദേശി ഷാഹുൽ ഹമീദ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. 

വർഷങ്ങളായി സൗദിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബിസിനസ് തന്ത്രങ്ങൾ വൈറലായതോടെ പായസത്തിന്  ആവശ്യക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്.

രണ്ടോ മൂന്നോ പേരാണ് പായസം വാങ്ങാനുള്ളതെങ്കിലും ഷാഹുൽ പറയും– തിക്കും തിരക്കുമുണ്ടാക്കല്ലേ, കാലിമ്മേ ചവിട്ടല്ലേ. തൊട്ടടുത്തെ ആൾക്കൂട്ടത്തിന്റെ ശ്രദ്ധ ആകർഷിക്കാനാണ് ഇൗ തന്ത്രമെന്ന് ഇൗ യുവാവ് ചിരിച്ചുകൊണ്ട് പറയുന്നു. തോന്നുമ്പം കിട്ടീല്ല, കാണുമ്പം മേ‌ടിക്കുക..–ഇതാണ് ഷാഹുലിന്റെ ലുഖ് മാനിയ കമ്പനിയുടെ ടാഗ് ലൈൻ. 

ഒരിടത്ത് തന്നെ കുറേ നേരം പായസ വിൽപനയുമായി നിൽക്കാതെ, പ്രത്യേകം തയ്യാറാക്കിയ വലിയ ബാഗിൽ നിറച്ച പായസവും തോളില്‍ പണസഞ്ചിയുമായി നഗരത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കുകയാണ് ഇദ്ദേഹം. പുലർച്ചെ പ്രഭാത പ്രാർഥന കഴിഞ്ഞാണ് പായസ നിർമാണം ആരംഭിക്കുക. അതും ഒറ്റയ്ക്ക് തന്നെ. ഉച്ചയോടെ പായ്ക്കിങ്ങും മറ്റും തയ്യാറായി വൈകിട്ട് നാലരയോടെ ആവശ്യക്കാരുടെ ഇടയിലേക്കിറങ്ങും. 

സൗദി തലസ്ഥാനമായ റിയാദിലെ, മലയാളികളുടെ സിരാകേന്ദ്രമായ ബത് ഹയിലാണ് ഷാഹുൽ താമസിക്കുന്നത്. അതുകൊണ്ടു റിയാദിലെ ബത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ എെഎസ്ഐ മാർക്കുള്ള ഇന്റർനാഷനൽ പായസം എന്ന് തന്റെ ഉത്പന്നത്തെ വിശേഷിപ്പിക്കുന്നു. ഒരു വട്ടച്ചെമ്പ് പായസത്തിന് രണ്ട് റിയാൽ എന്നാണ് വിളിച്ചുപറയുക. പക്ഷേ, നൽകുന്നത് ചെറിയ അലുമിനിയം ഫൂ‍ഡ് കണ്ടെയ്നറിലും. നേരത്തെ ബത് ഹയിൽ തനിക്കൊരു പായസക്കടയുണ്ടായിരുന്നതായി ഷാഹുൽ പറയുന്നു. അവിടെ ഏഴ് തരം പായസങ്ങളും ലുഖ് മാനിയ സ്പെഷ്യൽ ജീരകക്കഞ്ഞിയുമുണ്ടായിരുന്നു. ഇതോടൊപ്പം രാസായുധത്തെ വെല്ലുന്ന തൊട്ടുകൂട്ടു ചമ്മന്തിയും കമ്പനിയുടെ ഹദിയ്യ(സമ്മാനം)യായി മുറത്തിനേക്കാളും വലിപ്പത്തിലുള്ള 'ചെറിയ' പപ്പടവും നൽകുമെന്ന് പറയുന്നു. 

പായസം കോരിക്കുടിക്കാൻ പ്ലാസ്റ്റിക് സ്പൂണും നൽകും. അപ്പോൾ പറയുന്നത് കേൾക്കുക– ഒരു കൈക്കോട്ട് ഫ്രീയാണ്, കമ്പനി കൊടുക്കുന്നത്... ചോദിച്ചു വാങ്ങണം.. ഉപഭോക്താക്കൾക്ക് ഇന്നോവ കാർ സമ്മാനവും വാഗ്ദാനം ചെയ്യുന്നു. അത് നറുക്കെടുപ്പിലൂടെയോ മറ്റോ അല്ല– പായസത്തിൽ കടിച്ചാൽ പൊട്ടാത്ത അണ്ടിപ്പരിപ്പ് കിട്ടിയാൽ മാത്രം. ഇതുവരെ ആർക്കും അങ്ങനെയൊരു ശക്തനായ അണ്ടിപ്പരിപ്പ് കിട്ടാത്തതിനാൽ ആ സമ്മാനം സ്വന്തമാക്കിയവരായി ആരുമില്ല.

ഇടയ്ക്ക്  ഒരു ആവശ്യം കൂടി പറയുന്നുണ്ട്– ചെക്കിങ്ങുകാര് വന്നാൽ പറയണം, ഒാടാനാണെന്ന്. ഇത് വീസയോ മറ്റ് താമസ രേഖകളോ ഇല്ലാത്തതുകൊണ്ടല്ല, ഒരു ഹരത്തിന്. എന്നാൽ, അധികൃതരുടെ അനുമതിയില്ലാതെയാണ് ഇൗ തെരുവു കച്ചവടം. പക്ഷേ, അധികൃതർ പലപ്പോഴും ഇത്തരക്കാരോട് ദയ കാണിക്കുന്നുണ്ട്.

പായസത്തിന് രണ്ട് റിയാൽ കൂടുതലാണെന്നും നാട്ടിൽ എത്ര പൈസയായെന്ന് അറിയാമോ  എന്നും ഒരാൾ പറഞ്ഞപ്പോഴുള്ള മറുപടി നോക്കുക– എനിക്കീ പായസം വിറ്റിട്ട് ഒന്നും വേണമെന്നില്ല. നാട്ടിൽ കറവുള്ള മൂന്ന് ആനയുണ്ട്. പിന്നെ പിള്ളാര് പട്ടിണി കിടക്കേണ്ട എന്ന് വിചാരിച്ചും ആനകൾക്ക് പുല്ല് വാങ്ങിക്കാനുള്ള വക തേടിയും ഇൗ പണിക്കിറങ്ങിയതാണ്. പായസത്തിൽ ഒട്ടകപ്പാൽ ചേർത്തിട്ടുണ്ടോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ങാ പിന്നേ.. രണ്ട് റിയാലിന് ഞാൻ നിനക്ക് പെണ്ണ് കെട്ടിച്ചു തരാം.. അ‌‌‌ടി മേ‌‌ടിക്കാണ്ട് പൊയ്ക്കോ.. പായസത്തിനോടൊപ്പം വേറൊന്നുമില്ലേ എന്ന് ചോദിക്കൂ. എവിടെക്കടിച്ചാലും അണ്ടിപ്പരിപ്പ്, എവിടെ കടിച്ചാലും ഉണക്ക മുന്തിരിയും..എന്നാണ് ഷാഹുലിൻ്റെ രസികൻ മറുപടി.

ആദർശകേരളത്തിന്റെ വിപ്ലവ നായകൻ തയ്യാറാക്കിയ പായസം സ്വദേശികളെയും മറ്റു രാജ്യക്കാരെയും ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.

ഇതര സംസ്ഥാനക്കാരെ കാണുമ്പോൾ ഹിന്ദിയിലാകും വിളി– ഭായ്.. ഇന്റർനാഷനൽ ഖീർ ഹെ.. ഇന്ത്യാ കാ ടാറ്റാ കമ്പനി കാ ഇന്റർനാഷനൽ ഖീർ..

എന്റെ ഉത്പന്നം വിറ്റഴിക്കാനുള്ള ചില പൊടിക്കൈകളാണ് ഇതെല്ലാമെന്ന് തുറന്നുപറയാനും ഇൗ തൊപ്പിക്കാരൻ മടിക്കില്ല. അത് പക്ഷേ പറയുക ''ശുദ്ധ അറബിക്'' ഭാഷയിലും– അൽ ഹിഖ് മത് വൽ തരികിട.