ആവര്‍ത്തിച്ചു പറഞ്ഞിട്ടും കോടിഭാഗ്യം വിശ്വസിച്ചില്ല; വിവേകമുണ്ടെന്ന് അവതാരകന്‍: വിഡിയോ

ദുബായിലും അബുദാബിയിലും നടക്കുന്ന നറുക്കെടുപ്പുകളിൽ മലയാളികൾക്ക് വൻ തുക സമ്മാനം ലഭിക്കുന്നത് പുതിയ കാര്യമല്ല. ഇന്നലെ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം തേടിയെത്തിയത് ദുബായിൽ താമസിക്കുന്ന പാലക്കാട് പുത്തൂർ സ്വദേശി പ്രശാന്തിന് ആയിരുന്നു. 10 മില്യൺ ദിർഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. ഒറ്റ ദിവസം കൊണ്ട് കോടിപതി. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫോൺ വഴി വലിയ തട്ടിപ്പുകൾ നടക്കുന്ന സമയത്താണ് പ്രശാന്തിനെ തേടി ഭാഗ്യമെത്തിയത്. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോഴുള്ള പ്രതികരണമാണ് ശ്രദ്ധേയം.

പരിപാടിയുടെ അവതാരകൻ റിച്ചാർഡ് ആണ് ഫോണിൽ പ്രശാന്തിനെ വിളിച്ചത്. അൽപം ആകാംക്ഷ ഉണ്ടാക്കുന്നതിനായി ബിഗ് ടിക്കറ്റ് എടുത്തിരുന്നോ? എന്നു ചോദിക്കുകയും വിജയിയെ ഫോണിൽ വിളിക്കാറുള്ള റിച്ചാർഡ് ആണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും ഞാൻ ജാക്ക്പോട്ട് വിജയിയെ ആണ് വിളിക്കാറെന്നും അതാണ് താങ്കളെ ഇപ്പോൾ വിളിച്ചതെന്നും തുടർന്ന് അറിയിച്ചു.

'ആർ യു ഷുവർ' എന്നായിരുന്നു പ്രശാന്തിന്‍റെ ആദ്യചോദ്യം. എനിക്ക് 100 ശതമാനം ഉറപ്പാണ് എന്ന് അവതാരകൻ മറുപടി നൽകി. തുടർന്നായിരുന്നു അടുത്ത ചോദ്യം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൺഫർമേഷൻ ഉണ്ടോ? എന്നായിരുന്നു അത്. നിങ്ങൾ പറഞ്ഞത് എനിക്ക് ഇഷ്ടമായെന്നും അൽപസമയത്തിനുള്ളിൽ വെബ്സൈറ്റിൽ നിങ്ങളുടെ പേരുണ്ടാകുമെന്നും ഫെയ്സ്ബുക്കിൽ ലൈവ് ആയി പരിപാടി ടെലിക്കാസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിച്ചാർഡ് പറഞ്ഞു.

സംശയം മാറാത്ത പ്രശാന്തിനോട് ഇത് കബളിപ്പിക്കാൻ വേണ്ടി വിളിക്കുന്നതല്ലെന്നും 10 മില്യൺ ദിർഹം താങ്കൾ നേടിയെന്നും അവതാരകൻ ആവർത്തിച്ചു പറഞ്ഞു. ഇത് തട്ടിപ്പല്ലെന്നും എന്നെ വിശ്വസിക്കൂവെന്നും അറിയിച്ച. അഭിനന്ദിച്ച ശേഷം, അടുത്ത മാസം അബുദാബി വിമാനത്താവളത്തിൽ വരൂ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. അയാൾ വിവേകം ഉള്ള മനുഷ്യൻ ആണെന്നും ഇപ്പോൾ ധാരാളം തട്ടിപ്പ് ഫോൺ കോളുകൾ വരാറുണ്ടെന്നും അതിലൊന്നും വീഴരുതെന്നും അവതാരകൻ മുന്നറിയിപ്പും നൽകി.