യു.എ.ഇയുടെ സഹകരണത്തോടെ ഇന്ത്യയിൽ 700 കോടി ഡോളറിന്റെ സൗരോർജ പദ്ധതി

യു.എ.ഇയുടെ സഹകരണത്തോടെ ഇന്ത്യയിൽ എഴുന്നൂറു കോടി ഡോളറിന്റെ സൌരോർജ പദ്ധതിക്കു രൂപം നൽകി. ഊർജമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനുതുടക്കം കുറിക്കുന്ന പദ്ധതി പല സംസ്ഥാനങ്ങൾക്കും നേട്ടമാകും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 

പൊതു സ്വകാര്യമേഖലാ സംരംഭമായ സോളർ എനർജി കോർപറേഷൻ ഒാഫ് ഇന്ത്യ യാണ് ബൃഹദ് സൌരോർജ പദ്ധതിക്കു രൂപം നൽകിയത്. അബുദാബി സുസ്ഥിര വാരാചരണത്തോട് അനുബന്ധിച്ചു നടന്ന വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമാകാൻ യുഎഇക്കു പുറമേ വിവിധ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫോട്ടോവോള്‍ട്ടെയ്ക് പാനലുകളുടെ നിര്‍മാണം, സാങ്കേതിക വിദ്യ തുടങ്ങിയവയില്‍ ഇന്ത്യയും യുഎഇയും തമ്മിൽ നേരത്തേ സഹകരണം തുടങ്ങിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സോളര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ചര്‍ച്ചചെയ്തിരുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ളതിനാൽ എന്‍ജിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, മറ്റു തൊഴിലാളികള്‍ തുടങ്ങിയവർക്ക് ജോലി സാധ്യതയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഈ വർഷം തന്നെ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.