ഉടമകൾ മുങ്ങിയതിനെ തുടർന്ന് ശമ്പളമില്ലാതിരുന്ന തൊഴിലാളികളുടെ ദുരിതത്തിന് അറുതിയായി

അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് ഏഴു മാസമായി ശമ്പളമില്ലാതിരുന്ന തൊഴിലാളികളുടെ ദുരിതത്തിന് അറുതിയായി. ഇന്ത്യൻ എംബസി, അബുദാബി പൊലീസ് തുടങ്ങിയവരുടെ ഇടപെടലാണ് തുണയായത്. എഴുപതു മലയാളികളടക്കം നാനൂറു പേരുടെ ദുരിതവാർത്ത മനോരമ ന്യൂസിലൂടെയാണ് ആദ്യം പുറംലോകമറിഞ്ഞത്.

എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവർ ഭക്ഷണത്തിനായി യാചിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ദുരിതത്തിൽ നിന്നും മോചനമുണ്ടാകുന്നത്. കിട്ടാനുള്ള ശമ്പളത്തിൻറെ പകുതിയും മറ്റു ആനുകൂല്യങ്ങളും നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റും നൽകാമെന്നു അൽ വസീത കാറ്ററിങ് കമ്പനി അധികൃതർ ഉറപ്പുനൽകി. കമ്പനിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താൽപര്യമുള്ളവർക്കു അതു തുടരാമെന്നു എംബസി വ്യക്തമാക്കി.  തൊഴിലാളികളില്‍ 310 പേരും ഈ നിര്‍ദേശം അംഗീകരിച്ചു. കോടതിയില്‍ പോയി ഇതിനോടകം അന്തിമ അനുകൂല വിധി നേടിയ മൂന്ന് പേര്‍ക്ക് മുഴുവന്‍ ശമ്പളത്തുക ലഭിക്കും.  

അതേസമയം, വീസ, പാസ്പോർട്ട് കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നു മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി മൊബൈൽ കോടതി, അബുദാബി പൊലീസ്, കമ്പനിയുടേയും വിവിധ രാജ്യങ്ങളുടെ എംബസികളുടേയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുമായി നടത്തിയ ചർച്ചയാണ് ഫലം കണ്ടത്.