5 ദിവസം സൗദി മരുഭൂമിയിൽ ഒറ്റപ്പെട്ടു; ദുരിതക്കയം താണ്ടി ഇവർ; ഒടുവിൽ രക്ഷ

സൗദി അതിർത്തിയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി ദുരിതത്തിലായ യുഎഇ പൗരൻമാരെ രക്ഷിച്ചു. സൗദി അറേബ്യൻ ബോർഡർ ഗാർഡ്സ് ആണ് അഞ്ചു ദിവസമായി മരുഭൂമിയിൽ കുടുങ്ങിയ എമിറാത്തികളെ രക്ഷിച്ച കാര്യം അറിയിച്ചത്. അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബോർഡർ ഗാർഡ് വക്താവ് പറയുന്നത് ഇങ്ങനെ: റബ് അൽ ഖലീൽ ഭാഗത്തെ മരുഭൂമിയിൽ വാഹനത്തിന്റെ ടയർ കുടുങ്ങി ബുദ്ധിമുട്ടിലായ രണ്ടു എമിറാത്തികളെ തിങ്കളാഴ്ച രാവിലെ രക്ഷപ്പെടുത്തി. ദമാം മെഡിക്കൽ റസ്ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ (ഡിഎംആർസിസി)യ്ക്ക് ഞായറാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം എമിറാത്തികളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ റബ് അൽഖലീലിലെ ദക്ഷിണ ഭാഗത്തുനിന്നും ഏതാണ്ട് 68 കിലോമീറ്റർ അകലെയായിരുന്നു ഇവർ എന്നാണ് ഡിഎംആർസിസിൽ ലഭിച്ച വിവരം. 

തുടർന്ന് സൗദി ജനറൽ സെക്യൂരിറ്റി ഏവിയേഷൻ കമാൻഡിന്റെ സഹായത്തോടെ പട്രോൾ സംഘം മരുഭൂമിയിൽ എസ്‍യുവി വാഹനം കുടുങ്ങി ഒറ്റപ്പെട്ടുപോയ എമിറാത്തികളെ കണ്ടെത്തി. രണ്ടു പേരായിരുന്നു വാഹനത്തിൽ. ഇവർ താഴെ മണലിൽ നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ നൽകുകയും വാഹനം മണലിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു. അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര തുടരാൻ അനുവദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.