സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ ‌നിയന്ത്രിക്കാൻ കുവൈത്ത്

കുവൈത്തിൽ സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ നിയമം മൂലം നിയന്ത്രിക്കാൻ സർക്കാർ നീക്കം. ദേശീയസുരക്ഷയ്ക്കു വരെ ഭീഷണിയാകുന്ന പ്രചരണങ്ങളുണ്ടാകുന്നുവെന്ന പശ്ചാത്തലത്തിലാണ് നിയമനിർമാണത്തിനൊരുങ്ങുന്നത്.

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരമാണ് സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകളെ തിരുത്താൻ അധികൃതർ നിയമനിർമാണത്തിനൊരുങ്ങുന്നത്. സൈബർ കുറ്റകൃത്യങ്ങളും ഇന്റർനെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ ഉറപ്പുവരുത്തുക, ഭീകര നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമിക  വിശ്വാസത്തിനു വിരുദ്ധമായതുമായ സന്ദേശങ്ങൾ തടയുക എന്നിവയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. 

വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അത്തരം അക്കൌണ്ടുകളെ പൂട്ടാനൊരുങ്ങുന്നത്. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട കരടുനിയമം സർക്കാർ നേരത്തേ തയ്യാറാക്കിയിരുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്. വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.