മദ്യപിച്ച് അഴിഞ്ഞാടി; മര്‍ദിച്ചു: പൂക്കള്‍ നല്‍കി വിട്ടയച്ച് ദുബായ് പൊലീസ്: നടന്നത്

ദുബായിലെ ഒരു ഹോട്ടലിൽ അമിതമായി മദ്യപിച്ച് യുവതിയെ ഉപദ്രവിക്കുകയും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത യൂറോപ്യൻ സഞ്ചാരിയെ പുഷ്പം നൽകി വിട്ടയച്ച് ദുബായ് പൊലീസ്. സംഭവത്തെ കുറിച്ച് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് ബിൻ ഗഹ്‍ൽട്ടിയ പറയുന്നത് ഇങ്ങനെ: ഒരു അതിഥി വളരെ മോശമായി പെരുമാറുന്നുവെന്നു നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നും ലഭിച്ച ഫോൺകോളാണു പൊലീസ് പ്രശ്നത്തിൽ ഇടപെടാൻ കാരണം. ഉടൻ തന്നെ ഒരു പട്രോൾ സംഘം ഹോട്ടലിൽ എത്തുകയും പ്രശ്നക്കാരനെ കണ്ടെത്തുകയും ചെയ്തു. 

അമിതമായി മദ്യപിച്ചിരുന്ന ഇയാൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഇയാൾ ചെറുക്കുകയും രൂക്ഷമായി പെരുമാറുകയും ചെയ്തു. ഇതിനിടെ ഒരു പൊലീസുകാരന് നേരിയ പരുക്ക് പറ്റുകയും ചെയ്തു. തുടർന്ന് ഏറെ പണിപ്പെട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തടവറയിലേക്ക് മാറ്റുകയും ചെയ്തു. 

യൂറോപ്യൻ സഞ്ചാരിയുടെ കുടുംബത്തെയും എംബസ്സി അധികൃതരെയും വിവരമറിയിച്ചു. എന്നാൽ, അൽപസമയം കഴിഞ്ഞപ്പോൾ സഞ്ചാരി തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും എന്താണ് ചെയ്തതെന്ന് ഓർമ്മയില്ലെന്നും പറഞ്ഞു. ദുബായിൽ ആദ്യമായാണ് എത്തിയത്. സാധാരണ ഗതിയിൽ പൊലീസിനോട് മാന്യമായാണ് പെരുമാറാറ് എന്നും അദ്ദേഹം പറഞ്ഞു. 

പ്രശ്നത്തിൽ ഉൾപ്പെട്ട എല്ലാവരുമായും സംസാരിക്കുകയും വിഷയം ഒത്തുതീർപ്പിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പ്രശ്നമുണ്ടാക്കിയ യൂറോപ്യന്‍ സഞ്ചാരി യുവതിയോടും പൊലീസ് ഉദ്യോഗസ്ഥനോടും മാപ്പുപറയുകയും ചെയ്തു. ഇയാളെ പുറത്തുവിടുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പൂക്കൾ നൽകിയാണ് യാത്രയാക്കിയത്. ചിത്രം പുറത്തുവിടുകയും ചെയ്തു.