ചികിൽസയിൽ കഴിയുന്ന മലയാളിയെ കാണാൻ അബുദാബി കിരീടാവകാശി; അമ്പരപ്പ്

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലയാളിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് യുഎഇ കീരീടാവകാശി. ക്ലീവ്‍ലാന്റ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലിയുടെ സുഖവിവരവം അന്വേഷിക്കാനെത്തിയ അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി.  അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നേരിട്ടാണ് അലിയെ കാണാനെത്തിയത്.

കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി കിരീടാവകാശിക്ക് ഒപ്പമുള്ള പേഴ്സനല്‍ സ്റ്റാഫ് അംഗമാണ് ഇദ്ദേഹം. ശൈഖ് മുഹമ്മദിന്റെ എല്ലാ വിദേശയാത്രകളിലും അലിയും ഒപ്പം പോകാറുണ്ട്. ശൈഖുമായി ആത്മബന്ധമുണ്ടെങ്കിലും ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിക്കുമെന്ന് അലിയുടെ കുടുംബം പ്രതീക്ഷിച്ചിരുന്നില്ല. തലവേദനയും ക്ഷീണവും ശക്തമായി അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസ തേടിയപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയതും അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുന്നതും. മുൻപ് കണ്ണൂര്‍ സ്വദേശിയായ കൊട്ടാരം ജീവനക്കാരന് അബുദാബി കിരീടാവകാശി രാജകീയ യാത്രയയപ്പ് നല്‍കിയ വാർത്തയും പുറത്തുവന്നിരുന്നു.