അബുദാബിയിൽ ഗാന്ധിജി-സായിദ് ഡിജിറ്റൽ മ്യൂസിയം; രാഷ്ട്രപിതാക്കൻമാർക്ക് ആദരം

ഇന്ത്യയുടേയും യു.എ.ഇയുടേയും രാഷ്ട്രപിതാക്കൻമാർക്ക് ആദരവർപ്പിച്ച് അബുദാബിയിൽ ഗാന്ധിജി സായിദ് ഡിജിറ്റൽ മ്യൂസിയം തുറന്നു. രണ്ടുദിവസത്തെ സന്ദർശനത്തിന് യു.എ.ഇയിലെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അതേസമയം, സാമ്പത്തികകരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 

മഹാത്മാ ഗാന്ധിജിയുടെ നൂറ്റിഅൻപതാം ജന്മദിനത്തിൻറേയും ഷെയ്ഖ് സായിദ് ജന്മശതാബ്ദിയുടേയും പശ്ചാത്തലത്തിലാണ് അബുദാബി  മനാറത്ത് അല്‍ സആദിയത്തില്‍ ഡിജിറ്റൽ മ്യൂസിയം തുടങ്ങിയത്. സാംസ്കാരിക രംഗത്തു സഹകരണം ശക്തമാക്കുന്നതിൻറെ ഭാഗമായി മ്യൂസിയം തുറക്കുമെന്ന് കഴിഞ്ഞ ജൂണിലാണ് പ്രഖ്യാപിച്ചത്. യുഎഇ സാംസ്കാരിക വകുപ്പ് മന്ത്രി നൂറ അല്‍ കാബി, വ്യവസായി എം.എ യൂസഫലി, അദീപ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പന്ത്രണ്ടാമത് ഇന്ത്യ-യുഎഇ സാമ്പത്തിക, സാങ്കേതിക സഹകരണ കമ്മീഷനില്‍ പങ്കെടുത്ത സുഷമ സ്വരാജ് ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളുടേയും സ്വന്തം കറൻസി ഉപയോഗിച്ചുള്ള പണമിടപാടുകൾക്കുള്ള കരാറിൽ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരിയും യു.എ.ഇ സെൻറ്രൽ ബാങ്ക് ഡപ്യൂട്ടി ഗവർണറും ഒപ്പുവച്ചു. ആഫ്രിക്കയിലെ വികസപദ്ധതികൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. വൈകിട്ട് അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ സുഷമ സ്വരാജ് അഭിസംബോധന ചെയ്തു സംസാരിക്കും.