ഉടുതുണിക്ക് മറുതുണിയില്ലാതെ കുടുങ്ങി; കുവൈത്ത് പ്രളയം കടന്ന് മലയാളി സംഘം തിരിച്ചെത്തി

പ്രളയക്കെടുതി കാരണം ദിവസങ്ങളോളം കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി തീർഥാടക സംഘങ്ങൾ സ്വദേശത്ത് തിരിച്ചെത്തി. ബുധനാഴ്ച രാവിലെ മുതൽ വിമാനത്താവളത്തിൽ കുടുങ്ങിയ 35 അംഗ സംഘവും വെള്ളിയാഴ്ച മുതൽ വിമാനത്താവളത്തിൽ അകപ്പെട്ട 41അംഗ സംഘവുമാണ് രാവിലെ ഒൻപത് മണിയോടെ കൊച്ചിയിലേക്ക് തിരിച്ചത്.

ജറൂസലേം ഉൾപ്പെടെ പുണ്യസ്ഥലങ്ങൽ സന്ദർശിച്ച് കേരളത്തിലേക്ക് മടങ്ങുംവഴി കുവൈത്ത് വിമാനത്താവളത്തിൽ എത്തിയതായിരുന്നു സംഘങ്ങൾ. ബുധനാഴ്ച രാത്രിയോടെ കുവൈത്ത് വിമാനത്താവളം അടച്ചിട്ടതിനാൽ ആദ്യസംഘത്തിന് തുടർയാത്ര സാധ്യമായില്ല. 13 മണിക്കൂറിനു ശേഷം വിമാനത്താവളം തുറന്നുവെങ്കിലും കുവൈത്ത് എയർവെയ്സ് വിമാന സർവീസ് താളം തെറ്റിയതിനാൽ കൊച്ചി വിമാനത്തിൻറെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. ആദ്യ ദിവസം അഞ്ചു മണിക്കൂർ നേരം ഹോട്ടൽ സൗകര്യം ലഭിച്ചുവെങ്കിലും അതും നിഷേധിക്കപ്പെട്ടതോടെ പ്രായമായ വനിതകൾ ഉൾപ്പെടെയുള്ളവർ പ്രയാസത്തിലായി.

ഉടുതുണിക്ക് മറുതുണിയില്ലാതെയും അത്യാവശ്യ മരുന്നും മറ്റും ബാഗേജുകളിലായതിനാലും പ്രയാസപ്പെടുന്നതിനിടയിൽ വീണ്ടും ഹോട്ടൽ സൗകര്യം നൽകുകയായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ക രാവിലെ 41 അംഗങ്ങളുടെ രണ്ടാമത്തെ സംഘം എത്തിയത്. അവരുടെ തുടർയാത്രയും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇന്നു രണ്ട് സംഘങ്ങളും കൊച്ചിയിലേക്ക് യാത്രയായി.