ഭാര്യസഹോദരിയുടെ മുറിയിൽ ജനൽ വഴി കയറി പീഡനശ്രമം; ദുബായിൽ യുവാവിന് ശിക്ഷ

ഭാര്യാ സഹോദരിയുടെ മുറിയിൽ ജനൽ വഴി കയറിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച എമിറാത്തി യുവാവിന് ശിക്ഷ വിധിച്ചു. 29 വയസ്സുള്ള എമിറാത്തിക്ക് മൂന്നു വർഷം തടവാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. 15 ദിവസത്തിനുള്ളിൽ പ്രതിക്ക് അപ്പീൽ കോടതിയെ സമീപിക്കാം. പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. ജൂലൈയിലാണ് സംഭവം. പുലർച്ചെ നാലു മണിക്ക് ജനൽ വഴി മുറിയിൽ എത്തിയ യുവാവ്, തന്റെ ഭാര്യയും സഹോദരിയും (പരാതി നൽകിയ സ്ത്രീ) തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിക്കുകയായിരുന്നു

പെട്ടെന്ന് യുവാവ് വിവാഹിതയായ ഭാര്യാ സഹോദരിയെ കട്ടിലിലേക്ക് തള്ളിയിടുകയും വസ്ത്രങ്ങൾ മാറ്റിയ ശേഷം ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. യുവാവിനെ അടിക്കുകയും ചവിട്ടുകയും ചെയ്ത യുവതി ശുചിമുറിയിേലക്ക് ഓടി കയറി ഒളിക്കുകയായിരുന്നു. എമിറാത്തി യുവാവ് പോയി എന്നു ഉറപ്പാക്കിയ ശേഷം യുവതി പുറത്തുവരികയും കാര്യങ്ങൾ ഭർത്താവിനെ വിളിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു. 29 വയസ്സുള്ള പ്രതിയെ ദുബായ് പൊലീസ് പിടികൂടിമുറിയിൽ അതിക്രമിച്ചു കടന്ന പ്രതി ഭാര്യാ സഹോദരിയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടേഴ്സ് പറഞ്ഞു. നടന്ന സംഭവങ്ങള്‍ യുവതിയുടെ ഭർത്താവും ശരിവച്ചു. താൻ ഈ സമയം തായ്‍ലൻഡിൽ ആയിരുന്നുവെന്നും ഭാര്യ നടന്ന കാര്യങ്ങൾ തന്നോട് വിളിച്ചു പറഞ്ഞുവെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു.

‘പുലർച്ചെ നാലു മണിക്ക് ജനൽ തുറന്നാണ് അയാൾ മുറിയിൽ വന്നത്. ഞാനും എന്റെ സഹോദരിയും (പ്രതിയുടെ ഭാര്യ) തമ്മിലുള്ള പ്രശ്നങ്ങളാണ് സംസാരിച്ചിരുന്നത്. പെട്ടെന്ന് അയാൾ കൈകൊണ്ട് എന്റെ വായ മൂടിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് വസ്ത്രങ്ങൾ മാറ്റി എന്നെ സ്പർശിക്കാൻ തുടങ്ങി. ഉടൻ തന്നെ ഇയാളെ തട്ടിമാറ്റുകയും ചവിട്ടുകയും ചെയ്ത് ഞാൻ ശുചിമുറിയിൽ കയറി ഒളിച്ചു. അയാൾ പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറത്തു വന്നത്’– പരാതിക്കാരി കോടതിയിൽ പറഞ്ഞു.