യുഎഇയിൽ പൊതുമാപ്പ് നീട്ടി; ഡിസംബര്‍ ഒന്നു വരെ

യു.എ.ഇ ഗവൺമെൻ്റ് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നു വരെ നീട്ടി. നാളെ വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കാലാവധി. അതേസമയം, അയ്യായിരത്തിലധികം ഇന്ത്യക്കാർ ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് വിവരം.

ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെ മൂന്നു മാസമായിരുന്നു പൊതുമാപ്പ് കാലാവധി. എന്നാൽ, പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അവസാനദിവസങ്ങളിൽ കൂടുതൽ പേർ മുന്നോട്ടുവന്നതോടെയാണ് കാലാവധി ഒരുമാസം കൂടി നീട്ടിനൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ തീരുമാനിച്ചത്. നിയമലംഘകരായി ഇവിടെ തുടരുന്ന അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കാനോ ഉള്ള സുവർണാവസരമാണിത്. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും പൊതുമാപ്പിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നവർക്ക് സഹായവുമായി രംഗത്തുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വിമാനടിക്കറ്റ് സൌജന്യമായി നൽകും.