ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ പതിപ്പിന് നാളെ തുടക്കം; ഏപ്രിൽ വരെ നീളും

ഗൾഫിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ പതിപ്പിന്  നാളെ തുടക്കം. വിനോദ പരിപാടികൾക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്ന മേള അടുത്തവർഷം ഏപ്രിൽ വരെ നീളും.

വിനോദവും വിസ്മയവും കൂടെ വ്യത്യസ്തമാർന്ന ഷോപ്പിങ്ങും. ഗ്ലോബൽ ഇരുപത്തിമൂന്നാമത്തെപതിപ്പിനാണ് തിരി തെളിയുന്നത്. ഒട്ടേറെ പുതുമകളോടെയാണ്  ഈ വർഷം ഗ്ലോബൽ വില്ലേജ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരെ ലക്ഷ്യമിട്ട് സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്ന  കലാപരിപാടികളും അനുബന്ധ വിനോദങ്ങളും  ഒരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. ബാഡർ അൽ വാഹി പറഞ്ഞു. 

50-ലേറെ റെസ്റ്റോറൻറുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചികൾ സന്ദർശകർക്ക് സമ്മാനിക്കും. ആയിരത്തോളം  കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കാനായി എത്തുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഒന്പതിന് കലാപ്രകടനങ്ങൾ അരങ്ങേറും. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി 78 രാജ്യങ്ങളുടെ പവലിയനുകളും കാണാം. പതിനഞ്ചു ദിർഹമാണ് പ്രവേശനനിരക്ക്. 3 വയസിനു താഴെയും 65 വയസിനു മുകളിലും പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.