ഖഷോഗിയുടെ മരണത്തിന് നിമിഷങ്ങൾ മുൻപ് സൗദി രാജകുമാരൻ വിളിച്ചു; ഞെട്ടിച്ച് റിപ്പോർട്ട്

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിന് നിമിഷങ്ങൾക്കു മുൻപ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻറെ ഫോൺകോൾ എത്തിയതായി റിപ്പോർട്ട്. ഒരു തുർക്കി ദിനപ്പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിയാദിലേക്ക് തിരിച്ചെത്താൻ സൽമാൻ രാജകുമാരൻ ഖഷോഗിയോട് ആവശ്യപ്പെട്ടതായും തിരിച്ചെത്തിയാൽ താൻ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതിനാൽ അദ്ദേഹമത് നിരസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഈ മാസം രണ്ടാം തിയതിയാണ് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ നിന്ന് കാണാതായത്. തുടക്കം മുതലെ സൗദിക്കുനേരെ സംശയമുന നീണ്ടെങ്കിലും സൗദി പ്രതിരോധിക്കുകയായിരുന്നു. 

വിവാഹവുമായി ബന്ധപ്പെട്ട രേഖകൾക്കായാണ് ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിലെത്തിയത്. ഖഷോഗിയെ വധിക്കുന്നതിനായി പതിനഞ്ചംഗസംഘം നേരത്തെ ഇസ്താംബൂളിലെത്തിയിരുന്നു. റിയാദിൽ നിന്ന് രണ്ട് സ്വകാര്യ വിമാനങ്ങളിലായാണ് ഇവർ തുർക്കിയിലെത്തിയത്. 

രേഖകൾക്കായി കോൺസുലേറ്റിൽ ഖഷോഗി പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോൺസുലേറ്റിനുള്ളിൽ വെച്ചാണ് ഖഷോഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൈവിരലുകൾ ഒന്നൊന്നായി വെട്ടിമാറ്റിയിരുന്നു. തലവെട്ടിമാറ്റി മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം നശിപ്പിച്ച ശേഷം ഇവർ ഉടൻ സൗദിയിലേക്ക് മടങ്ങി.

ഖഷോഗിയുടെ സ്മാർട്ട് വാച്ചിലൂടെ അദ്ദേഹത്തിന്റെ പ്രതിശ്രുതവധു ഹേറ്റിസ് സെൻജിസിന് കൊലപാതകസമയത്തെ ശബ്ദരേഖ ലഭിച്ചതായും ഇത് തങ്ങളുടെ പക്കലുള്ളതായും തുർക്കി അവകാശപ്പെടുന്നു.