അവധി അനുവദിച്ചില്ല; ദുബായിൽ സൂപ്പർവൈസറെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

അവധി അനുവദിക്കാതിരുന്നതിന്റെ വൈരാഗ്യത്തിൽ സൂപ്പർവൈസറെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാനി യുവാവിന് ജീവപര്യന്തം കഠിനതടവ്. 2017 ഓഗസ്റ്റിൽ ജാബൽ അലി മേഖലയിലെ ലേബർ ക്യാംപിലാണു  കേസിനാസ്പദമായ കൊലപാതകം നടന്നത്. ദുബായിൽ സാങ്കേതികവിഭാഗത്തിൽ ജോലിചെയ്യുന്ന പാക്ക് യുവാവ് അവധിക്ക് അപേക്ഷ നൽകിയെങ്കിലും ഒരാഴ്ചയ്ക്കു ശേഷം സൂപ്പർവൈസർ അതു തള്ളിക്കളയുകയായിരുന്നു.

അവധി നിരസിച്ചതറിഞ്ഞ യുവാവ് വീണ്ടും ഇതേ ആവശ്യവുമായി സൂപ്പർവൈസറോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇക്കാര്യം സംസാരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചില്ല. അതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചത്. കേസ് കോടതിയിലെത്തിയപ്പോൾ കുറ്റം ചെയ്തിട്ടില്ലെന്ന് യുവാവ് വാദിച്ചിരുന്നു. യുവാവിന് മാനസികമായി തകരാറുണ്ടെന്ന അഭിഭാഷകന്റെ വാദത്തെ തുടർന്ന് കോടതി ഇയാളെ മാനസികാരോഗ്യവിദഗ്ധരുടെ പരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തു. 

എന്നാൽ മാനസികമായി പൂർണ ആരോഗ്യവാനാണെന്നു കണ്ടെത്തിയതോടെ യുവാവ് വൈരാഗ്യബുദ്ധയോടെ കരുതിക്കൂട്ടി കൊലപാതകം ചെയ്തതാണെന്നു കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ജോലിസംബന്ധമായും താമസ സംബന്ധമായും പ്രതി സൂപ്പർവൈസറുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു എന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു.

ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞാലുടൻ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകം തടയാൻ ശ്രമിച്ച മറ്റൊരു തൊഴിലാളിയെയും ഇയാൾ അതേ കത്തിയുപയോഗിച്ചു കുത്താൻ ശ്രമിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യുവാവ് വസ്ത്രത്തിനുള്ളിൽ കത്തിയൊളിപ്പിച്ചിരിക്കുകയായിരുന്നു എന്നും സൂപ്പർവൈസർ സംഭവസ്ഥലത്തെത്തിയപ്പോൾ സൂപ്പർവൈസറെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്നും സാക്ഷിയായ തൊഴിലാളി പൊലീസിനു മൊഴി നൽകിയിരുന്നു.