അബുദാബി ബീച്ചിൽ കുളിക്കാനിറങ്ങിയവരുടെ അടുത്ത് പുള്ളിത്തിമിംഗലം; ഞെട്ടൽ

ബീച്ചിൽ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഭീമൻ അതിഥിയെത്തി– പുള്ളിത്തിമിംഗലം. ഭീമൻ ജീവിയെ കണ്ട ചിലർ അമ്പരന്ന് കരയിലേക്കോടി. മറ്റു ചിലർ ചിത്രവും ദൃശ്യവും സെൽഫിയും പകർത്തുന്ന തിരക്കിലായിരുന്നു. കോർണിഷിലെ അൽ ബഹർ ബീച്ചാലാണ് വിഐപി അതിഥിയോടൊപ്പം കുളിക്കാൻ ചിലർക്ക് അപൂർവ അവസരം ലഭിച്ചത്.

വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദകർശകരെ സുരക്ഷിതമായി മാറ്റി. സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി നാളെ(വെള്ളി) വരെ ബീച്ച് അടച്ചതായി അൽ ബഹർ ബീച്ച് അധികൃതർ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന വർഗത്തിൽപെട്ട തിമിംഗലമാണിതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. ജനങ്ങളെ ഉപദ്രവിക്കുന്നവയല്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ബീച്ചിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അറിയിച്ചു.