ഭിന്നശേഷിക്കാരനായ കുട്ടി ഒറ്റപ്പെട്ടു; കരുതലോടെ തുണയായി അജ്മാൻ പൊലീസ്; കയ്യടി

അജ്മാനിൽ സൂപ്പർമാർക്കറ്റിൽ ഒറ്റപ്പെട്ടുപോയ ഭിന്നശേഷിക്കാരനായ പത്തുവയസുകാരനു തുണയായത് പൊലീസ്.  സംസാരശേഷിയില്ലാത്ത, ബൗദ്ധിക വെല്ലുവിളി നേരിടുന്ന ആഫ്രിക്കൻ വംശജനായ കുട്ടിയെ ഒറ്റപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് സൂപ്പർമാർക്കറ്റിന്റെ മാനേജർ ആണ് പൊലീസിൽ വിളിച്ചു വിവരം അറിയിക്കുന്നത്. ഉടൻ തന്നെ പൊലീസ് അൽ വഹാ മേഖലയിലെ സൂപ്പർമാർക്കറ്റിൽ എത്തി. എന്നാൽ കുട്ടിയിൽ നിന്ന് മാതാപിതാക്കളെ  കുറച്ചും വീടിനെ കുറിച്ചും ചോദിച്ചറിയാൻ പൊലീസ് ശ്രമിച്ചെങ്കിലും കുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ അതിന് സാധിച്ചില്ല.

കുട്ടിക്കു മാനസിക വളർച്ച കുറവാണെന്നും പൊലീസിനു വ്യക്തമായി. തുടർന്ന് അവന്റെ വീടു കണ്ടെത്തായി കുട്ടിയുമായി പൊലീസ് ആ മേഖല മുഴുവൻ കറങ്ങി. എന്നാൽ അതും ഫലം കണ്ടില്ല. തിരികെ കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അവനാവശ്യമായ പരിചരണം നൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആഫ്രിക്കൻ വംശജനായ ഒവ്സോയിലോലോ ഇവണി എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി തന്റെ മകനെ കാണാതായതായി പരാതിപ്പെട്ടു. താമസിക്കുന്ന ഫ്ളാറ്റിന്റെ വാതിൽ തുറന്ന് മകൻ ആരും അറിയാതെ പോയതാണെന്നും കുട്ടിക്ക് സംസാരശേഷിയില്ലെന്നും മാനസികവളർച്ച കുറവാണെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. 

ഇയാളിൽ നിന്നു കിട്ടിയ വിവരങ്ങൾ അവിടെ പൊലീസ് സ്റ്റേഷനിൽ ഉള്ള പത്തുവയസുകാരനെ കുറിച്ചുള്ളതാണെന്നു ബോധ്യപ്പെട്ട പൊലീസ് മകനെ പിതാവിനു കൈമാറി. കുട്ടിയുടെ കാര്യത്തിൽ കൂടു‌തൽ ശ്രദ്ധ കൊടുക്കണമെന്നും അവന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം അപകടങ്ങളിൽപ്പെടുമെന്നും പൊലീസ് പിതാവിനെ ഉപദേശിക്കുകയും ചെയ്തു. ത‍ന്റെ മകനോട് കാണിച്ച പരിഗണനയ്ക്ക് നന്ദി പറഞ്ഞാണ് പിതാവ് പൊലീസ് സ്റ്റേഷനിൽ നിന്നു പോയത്.